ജ്വല്ലറികളില്‍ നിന്നും ആഭരണം വാങ്ങി വഞ്ചിച്ചെന്ന് പരാതി

കുറ്റിപ്പുറം: ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം വിവിധ ജ്വല്ലറികളില്‍ നിന്നും ലക്ഷങ്ങളുടെ ആഭരണം വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പരാതി. കുറ്റിപ്പുറം, എടപ്പാള്‍, ചങ്ങരംകുളം, നരിപ്പറമ്പ്, വളാഞ്ചേരി, പുത്തനത്താണി, പാങ്ങ് എന്നിവിടങ്ങളിലെ ജ്വല്ലറികളിലാണ് തട്ടിപ്പ് നടന്നത്.
ഇതില്‍ എടപ്പാളിലേയും വളാഞ്ചേരിയിലേയും രണ്ട് വീതം ജ്വല്ലറികളില്‍ തട്ടിപ്പ് നടന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 15ഓളം ജ്വല്ലറികളില്‍ നിന്നായി കോടികളുടെ തട്ടിപ്പാണ് സംഘം നടത്തിയതായറിയുന്നത്. വളാഞ്ചേരി സ്വദേശിയായ യുവാവാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനി. കാലടി സ്വദേശിയായ ഒരാളും അധ്യാപികമാരെന്ന് പരിചയപ്പെടുത്തുന്ന രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേരാണ് തട്ടിപ്പ് സംഘത്തിലുള്ളത്. ജ്വല്ലറികളില്‍ ജോലി ചെയ്യുന്ന പരിചയക്കാരെ സമീപിച്ച് വിവിധ തരത്തിലുള്ള ആഭരണങ്ങള്‍ പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സംഘത്തിലുള്ള അധ്യാപികയുടെ മകളുടെ രണ്ടാം വിവാഹമാണെന്നും അതിനായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെത്തിയതാണെന്നും പറഞ്ഞ് പരിചയപ്പെടുത്തിയ സംഘത്തിലെ കാലടി സ്വദേശി താന്‍ ആര്‍ടി ഓഫിസിലെ ജീവനക്കാരനാണെന്നും തന്റെ ഭാര്യയായ അധ്യാപികയോടൊന്നിച്ച് ജോലി ചെയ്യുന്നവരാണ് മറ്റു സ്ത്രീകളെന്നും തെറ്റിദ്ധരിപ്പിച്ച് വില റൊക്കം നല്‍കി ആഭരണം വാങ്ങും.
ഇനിയും ആഭരണം ആവശ്യമായി വരുമ്പോള്‍ വീണ്ടും വരാമെന്ന് പറഞ്ഞ് പോവുകയും ചെയ്യും. അധികം താമസിയാതെ ഇതേ കടയിലെത്തുന്ന സംഘം ലക്ഷക്കണക്കിന് രൂപയുടെ ആഭരണം വാങ്ങി ഒരു മാസത്തെ അവധി പറഞ്ഞാണ് കൊണ്ടുപോകുന്നത്. ഇങ്ങിനെ ഒട്ടേറെ ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയിട്ടും മാനഹാനി ഭയന്ന് കടയുടമകളാരും തന്നെ വിവരം പുറത്ത് പറയാന്‍ തയ്യാറാകാത്തത് തട്ടിപ്പ് സംഘത്തിന് കൂടുതല്‍ സൗകര്യമാവുകയായിരുന്നു. അതിനിടെ കുറ്റിപ്പുറത്തെ ജ്വല്ലറിയുടമ തട്ടിപ്പ് സംഘത്തെ കണ്ടെത്തി തട്ടിപ്പ് തലവന്റെ പേരിലുള്ള വസ്തുവഹകള്‍ എഴുതി വാങ്ങാനുള്ള ശ്രമം നടത്തി. മുദ്രക്കടലാസില്‍ കരാറെഴുതി ബ്ലാങ്ക് ചെക്ക് നല്‍കുകയും ചെയ്‌തെങ്കിലും പിന്നീട് തട്ടിപ്പ് സംഘത്തലവന്‍ ഈ ജ്വല്ലറി ഉടമക്കെതിരെ കുറ്റിപ്പുറം പോലിസില്‍ പരാതി നല്‍കി.   ഒട്ടുമിക്ക ജ്വല്ലറി ഉടമകളും തട്ടിപ്പുകാര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണറിയുന്നത്. സ്ത്രീകളെ ഉപയോഗിച്ച് നടക്കുന്ന ഈ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ ഒത്തു ചേര്‍ന്നതായാണ് വിവരം. തട്ടിപ്പ് സംഘത്തിലെ സ്ത്രീകളല്ലാത്ത മുഴുവന്‍ പേരും ഇപ്പോഴും സൈ്വര്യ വിഹാരം നടത്തുന്നുണ്ട്.

RELATED STORIES

Share it
Top