ജോലി വാഗ്ദാനം നല്‍കി പണം തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

വൈക്കം: മാലദ്വീപില്‍ ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി വീട്ടമ്മയില്‍ നിന്നു പണം തട്ടിയ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ബീമാപളളി പൂന്തുറ പത്തേക്കര്‍ കോംപൗണ്ടില്‍ താമസിക്കുന്ന മുഹമ്മദ് ബഷീര്‍ (67), മകന്‍ സഫീര്‍ (40) എന്നിവരെയാണു പോലിസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി തലയാഴം സ്വദേശി ഔസേഫ് ഒളിവിലാണ്. 2002ലാണ് കേസിന് ആസ്പദമായ സംഭവം. തലയാഴം ഉല്ലല ചിറ്റയില്‍ചിറ ഷാജിയുടെ ഭാര്യ ഷീലയില്‍ നിന്നാണ് മാലദ്വീപില്‍ ജോലിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 1.71 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതു സംബന്ധിച്ച് വൈക്കം മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. മേല്‍വിലാസത്തില്‍ മാറ്റം വരുത്തി തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു വരികയായിരുന്നു ഇവര്‍. ഇവരെ കോടതി പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ചിരുന്നു.
ഡിവൈഎസ്പി കെ സുഭാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവിയുടെ ഷാഡോ പോലിസിലെ എഎസ്‌ഐമാരായ കെ നാസര്‍, പി കെ ജോളി, എം എല്‍ വിജയപ്രസാദ്, സിപിഒ എ അനൂപ് എന്നിവര്‍ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തി വരികയായിരുന്നു. സഫീറിനെ നെടുമങ്ങാടു നിന്നും, മുഹമ്മദ് ബഷീറിനെ എറണാകുളത്തുനിന്നുമാണു പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top