ജോലിയില്‍ മികവില്ല; 67,000 ഉദ്യോഗസ്ഥരുടെ രേഖകള്‍ കേന്ദ്രം പരിശോധിക്കുന്നുന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിലെ മികവ് പുലര്‍ത്താത്തവരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ പരിശോധന. 67,000 കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനരേഖകള്‍ പരിശോധനാവിധേയമാക്കും. ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. പരിശോധനയില്‍, മികവ് പുലര്‍ത്താത്ത ജീവനക്കാരെ കണ്ടെത്തിയാല്‍ ശിക്ഷിക്കുമെന്നും ഉദ്യോഗസ്ഥകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിശോധനക്കെടുക്കുന്ന 67,000ത്തില്‍ 25,000 ഉദ്യോഗസ്ഥരും ഗ്രൂപ്പ് എ വിഭാഗത്തില്‍പ്പെട്ട, ഐഎഎസ്, ഐപിഎസ്, ഐആര്‍എസ് എന്നിവയില്‍പ്പെട്ടവരാണ്. ജോലിയില്‍ മികവ് പുലര്‍ത്തുക, അഴിമതിക്കെതിരേ നിലകൊള്ളുക എന്നിവ സര്‍ക്കാരിന്റെ പ്രധാന പരിഗണനയില്‍പ്പെട്ടവയാണെന്നും അതേസമയം, സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് മികച്ച ജോലി അന്തരീക്ഷം ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സമയാസമയമുള്ള പരിശോധനകള്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനാണെന്നും അദ്ദേഹം വ്യക്തമാക്കി.എന്‍ഡിഎ സര്‍ക്കാര്‍ മൂന്നു വര്‍ഷങ്ങളിലായി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, അവധി, യാത്ര തുടങ്ങിയ നിയമങ്ങളില്‍ ധാരാളം ഇളവുകള്‍ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജോലിയില്‍ മികവ് പുലര്‍ത്താത്ത 129 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയിരുന്നു. നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാരന്റെ സേവനകാലയളവില്‍ രണ്ടുതവണ ജോലിയിലെ മികവ് പരിശോധിക്കേണ്ടതുണ്ട്.

RELATED STORIES

Share it
Top