ജോലിയില്‍ നിന്നു പുറത്താക്കിയതിനെതിരേ ആദിവാസി യുവതി പരാതി നല്‍കി

അബ്്ദുല്‍ സമദ് എ

കുമളി: പെരിയാര്‍ കടുവ സങ്കേതത്തിലെ സാമ്പത്തിക തട്ടിപ്പ് വഴിത്തിരിവില്‍. വ്യാജ തെളിവുണ്ടാക്കി തന്നെ ജോലിയില്‍ നിന്നു പുറത്താക്കിയ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നു കാണിച്ച് ആദിവാസി യുവതി വനംമന്ത്രിക്കു പരാതി നല്‍കി. പെരിയാര്‍ കടുവസങ്കേതം അസിസ്റ്റന്റ് ഡയറക്ടര്‍ വിപിന്‍ദാസ്, താല്‍ക്കാലിക ജീവനക്കാരായ ജയ, ജിജി ഷാജി എന്നിവര്‍ക്കെതിരേയാണ് കുമളി പളിയക്കുടി സ്വദേശിനി സുജിത്ഭവനില്‍ സുജിത സംസ്ഥാന വനംമന്ത്രി, ന്യൂനപക്ഷ മന്ത്രി, ഇ എസ് ബിജിമോള്‍ എംഎല്‍എ, വനംവകുപ്പ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ, പെരിയാര്‍ കടുവസങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കിയത്.
പെരിയാര്‍ കടുവ സങ്കേതത്തിലെ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി (ഇഡിസി)കളുടെ നാല് ഫെസിലിറ്റേറ്റര്‍മാരിലൊരാളാണു സുജിത. വിധവയും രണ്ട് മക്കളുടെ മാതാവുമായ സുജിത രണ്ട് വര്‍ഷം മുമ്പാണ് വനം വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായി പ്രവേശിച്ചത്.
2018 ജനുവരി മുതല്‍ കൊല്ലെപ്പട്ട ഒന്നാം ഇഡിസിയുടെ അധിക ചുമതലയും നല്‍കി. സംഘത്തില്‍ നിന്നു പിരിഞ്ഞുകിട്ടുന്ന തുക സുജിതയായിരുന്നു ഇഡിസിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചത്. നിള സംഘത്തിലെ അംഗവും വനംവകുപ്പിലെ വാച്ചറുമായ ജിജി ഷാജി തന്റെ കൈവശത്തില്‍ നിന്ന് വായ്പയായി വാങ്ങിയ 4000 രൂപ ആഗസ്ത് 18നാണ് തിരികെ നല്‍കിയത്. പ്രളയത്തെ തു ടര്‍ന്ന് കുമളിയിലെ ആദിവാസി കോളനികളില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുമായി ബന്ധപ്പെട്ട തിരക്കുമൂലം ആ ദിവസങ്ങളില്‍ ബാങ്കില്‍ പോവാന്‍ സാധിച്ചില്ല. ഈ തുക തന്റെ സഹോദരന്‍ വശം ബാങ്കിലടയ്ക്കാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സാങ്കേതിക തകരാറുമൂലം അന്നു പണം സ്വീകരിക്കാന്‍ ബാങ്കുകാര്‍ തയ്യാറായില്ല. ഇതാണ് താന്‍ പണം അപഹരിച്ചതായി കാണിച്ച് അന്വേഷണ ഉേദ്യാഗസ്ഥനായ വിപിന്‍ദാസ് തനിക്കെതിരേ പെരിയാര്‍ കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്. തനിക്കെതിരെ ആദ്യം 80000 രൂപ തിരിമറി നടത്തിയെന്നാണ് ആരോപിച്ചത്. പിന്നീടത് 42,000 ആയി. എന്നാലിപ്പോള്‍ 8000 രൂപ കൈവശം വച്ചതിനാണു നടപടി എന്നാണ് പറയുന്നത്. താല്‍ക്കാലിക ജീവനക്കാരായ ജയയും ജിജി ഷാജിയുമാണ് തനിക്കെതിരേ അന്വേഷണം നടത്തിയതെന്നും എസ്എസ്ജി ഭാരവാഹികളെ നേരില്‍ക്കണ്ടും ഫോണിലൂടെ വിളിച്ചും തനിക്കെതിരേ മൊഴി നല്‍കണമെന്ന് ഇവര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും സുജിത ആരോപിക്കുന്നു. മാത്രമല്ല സമൂഹമധ്യേ സ്ത്രീത്വത്തിന് അപമാനമുണ്ടാക്കുന്ന തരത്തില്‍ ആക്ഷേപം പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.
എന്നാല്‍ പെരിയാര്‍ കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം മൂന്നു പേര്‍ക്കെതിരേ താന്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളാണ് റിപോര്‍ട്ട് ആയി നല്‍കിയതെന്ന് എഎഫ്ഡി വിപിന്‍ ദാസ് തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top