ജോലിക്കിടെ മരിക്കുന്ന പോലിസുകാരുടെ കുടുംബത്തിന് 20 ലക്ഷം

കോട്ടയം:  ഏതു ഘട്ടത്തിലായാലും പോലിസുകാര്‍ മാന്യത കൈവിടരുതെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്തു പോലിസുകാരുടെ മോശം പെരുമാറ്റത്തിനെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
ഒറ്റപ്പെട്ട ചിലര്‍ ചെയ്യുന്ന പ്രവൃത്തി പോലിസിന്റെ മുഖം വികൃതമാക്കിയ സാഹചര്യത്തില്‍ ജനങ്ങളോടുള്ള പോലിസിന്റെ പെരുമാറ്റം നന്നാവണം. കുറ്റകൃത്യങ്ങളുണ്ടാവുമ്പോള്‍ മാത്രമാവരുത് പോലിസിന്റെ ഇടപെടല്‍. സ്വന്തം സ്‌റ്റേഷന്‍ പരിധിയിലെ ക്രിമിനലുകളെക്കുറിച്ച് മുന്‍കൂര്‍ ധാരണയുണ്ടാവണം. ജനങ്ങളെ ഒപ്പംനിര്‍ത്താനും അവരുടെ മനസ്സ് കാണാനും പോലിസിന് കഴിയണം. സമൂഹത്തില്‍ മാന്യന്‍മാരായി വിലസുന്ന ക്രിമിനലുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. മുഖം നോക്കാതെ നടപടിയെടുത്താ ല്‍ സര്‍ക്കാരും അവര്‍ക്കൊപ്പമുണ്ടാവും. സേനയുടെ അംഗബലം വര്‍ധിപ്പിക്കും. പ്രമോഷനിലെ കാലതാമസം ഇല്ലാതാക്കും. ജോലിക്കിടെ മരിക്കുന്ന പോലിസുകാരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 4,171 പോലിസുകാരെ ഇതിനകം പുതുതായി നിയമിച്ചു.
400 ഡ്രൈവര്‍മാര്‍ക്കും നിയമനം നല്‍കി. നിലവില്‍ 203 സ്ഥലത്തെ സ്റ്റേഷന്‍ ഭരണം എസ്എച്ച്ഒമാര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ശേഷിക്കുന്നിടത്തും ഇത് നടപ്പാക്കും. ആറ് തീരദേശ പോലിസ് സ്‌റ്റേഷനുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top