ജോയ്‌സ് ജോര്‍ജിന് മുഖ്യമന്ത്രിയുടെ ശുദ്ധിപത്രം; ബഹളത്തില്‍ മുങ്ങി സഭ

തിരുവനന്തപുരം: ജോയ്‌സ് ജോര്‍ജ് എംപിക്ക് ക്ലീന്‍ചിറ്റ് നല്‍കി മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും. ജോയിസ് ജോര്‍ജ് എംപി ഭൂമി കൈയേറിയിട്ടില്ലെന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ക്കു ലഭിച്ച ഭൂമിയാണിത്. കൈമാറ്റത്തില്‍ പ്രശ്‌നമുണ്ടോയെന്നു പരിശോധിച്ചുവരികയാണ്.
എംപിക്കു മാത്രമല്ല എംപിയുടെ സഹോദരന്‍മാര്‍ക്കും ഉള്‍പ്പെട്ടതാണ് ഭൂമി. ജോയ്‌സ് ജോര്‍ജിനെതിരേ ചിലര്‍ രാഷ്ട്രീയമായി ദുരാരോപണം ഉന്നയിക്കുന്ന സ്ഥിതിയാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റവന്യൂമന്ത്രി പറഞ്ഞ നിലപാടുതന്നെയാണ് സര്‍ക്കാരിനുമുള്ളത്. ഇക്കാര്യത്തില്‍ പലതവണ വ്യക്തത വരുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റ കേസില്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനെ ന്യായീകരിച്ച് റവന്യൂമന്ത്രി സംസാരിച്ചത് നിയമസഭയില്‍ ബഹളത്തിനിടയാക്കി. ഹൈക്കോടതി പരിഗണിക്കുന്ന കേസില്‍ എംപി കുറ്റക്കാരനല്ലെന്ന് പറയുന്നത് തെറ്റാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ഈ സര്‍ക്കാരിന്റെ കാലത്ത് 14 ജില്ലകളിലായി 1477 ഭൂമി കൈയേറ്റ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
ഇതില്‍ 605 എണ്ണം ഒഴിപ്പിച്ചു. ഇപ്രകാരം 196.64 ഹെക്ടറാണ് ഒഴിപ്പിച്ചത്. ചില ജില്ലകളില്‍ കൈയേറ്റ കേസുകള്‍ കുറച്ച് റിപോര്‍ട്ട് ചെയ്തത് പരിശോധിക്കും. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കും. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഹാരിസണിന്റേത് അടക്കം എല്ലാ കൈയേറ്റ ഭൂമികളും ഒഴിപ്പിക്കും. പിടിച്ചെടുക്കുന്ന ഭൂമി ന്യായമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. കൈയേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. മിച്ചഭൂമി മറിച്ചുവിറ്റുവെന്ന ആരോപണത്തെ തുടര്‍ന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റുകാരനായതുകൊണ്ടല്ല. പരിശോധന നടക്കുമ്പോള്‍ മാറിനി ല്‍ക്കലാണ് നല്ലതെന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top