ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരായ പരാതി: സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തോടു സുപ്രിംകോടതി

ന്യൂഡല്‍ഹി: അമേരിക്കന്‍ മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ നിലവാരം കുറഞ്ഞ ഹിപ്പ് ഇംപ്ലാന്റ് രോഗികളുടെ ശരീരത്തില്‍ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. ഇതു സംബന്ധിച്ച പരാതിയില്‍ എന്തു നടപടിയെടുത്തുവെന്നു രണ്ടു മാസത്തിനുള്ളില്‍ അറിയിക്കാനാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍ എന്തെല്ലാമാണെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ രാജ്യത്ത് 14,525 പേരുടെ ശരീരത്തില്‍ ഘടിപ്പിച്ചതായാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കമ്പനിയുടെ ഉപകരണങ്ങള്‍ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട സര്‍ജറിയെ തുടര്‍ന്നു മരണപ്പെട്ട സ്ത്രീയുടെ മകന്‍ അരുണ്‍കുമാര്‍ ഗോയങ്കയാണു ഹരജിക്കാരന്‍. കമ്പനിയുടെ ഉപകരണങ്ങള്‍ ഘടിപ്പിച്ചതിന്റെ തുടര്‍പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി 2017ല്‍ അരുണ്‍ അഗര്‍വാള്‍ അധ്യക്ഷനായി സമിതി രൂപീകരിച്ചതായി കോടതിയില്‍ ഗോയങ്കയുടെ അഭിഭാഷകരായ സല്‍മാന്‍ ഖുര്‍ഷിദ്, നാരായണ്‍ ശര്‍മ എന്നിവര്‍ ചൂണ്ടിക്കാട്ടി. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കുറ്റക്കാരാണെന്ന് സമിതി കണ്ടെത്തുകയും ചെയ്തു. എന്നിട്ടും ഇത്രയും ഉപകരണം പിടിപ്പിച്ച രോഗികളെ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍മിക്കുന്ന നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. 2005 മുതല്‍ വില്‍പന നടത്തുന്ന ഉപകരണം മോശമാണെന്നു കണ്ടെത്തിയതിനാല്‍ കമ്പനി 2010ല്‍ അതു പിന്‍വലിച്ചിരുന്നു. ലൈസന്‍സ് കിട്ടുന്നതിനു മുമ്പുതന്നെ രാജ്യത്ത് വില്‍പന തുടങ്ങിയിട്ടുണ്ടെന്നും ഹരജി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top