ജൈവ ഹരിത പദ്ധതികള്‍ക്ക് ഊന്നല്‍; ഫയല്‍ തീര്‍പ്പാക്കലിലെ കാലതാമസം ഒഴിവാക്കും

കോട്ടയം: എംജി സര്‍വകലാശാലയുടെ 2018-19 ബജറ്റില്‍ ജൈവഹരിത പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍. സര്‍വകലാശാല നടപ്പാക്കുന്ന ജൈവസാക്ഷരതാ യജ്ഞത്തിന്റെ തുടര്‍ച്ചയായി സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹൃദ പദ്ധതിയായ ഹരിത കേരളത്തിന്റെ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന സംരംഭങ്ങളാണ് ബജറ്റില്‍ ഇടംനേടിയത്. ഓഫിസ് നടപടികളില്‍ പേപ്പറിന്റെ ഉപയോഗം കുറയ്ക്കും.
വ്യാവസായിക മാലിന്യ സംസ്‌കരണം, ജൈവകൃഷിക്ക് അനുകൂലമായ സൂക്ഷ്മാണുക്കള്‍, സുസ്ഥിര വികസനത്തിന് ഉപയോഗിക്കാവുന്ന രസതന്ത്ര സങ്കേതങ്ങള്‍ എന്നിവയുടെ ഗവേഷണത്തിനും വികസനത്തിനുമായി വിവിധ പഠന വകുപ്പുകള്‍ക്കായി 1.78 കോടി രൂപ വകയിരുത്തി. പ്രകൃതി-ഹരിതകേരള-ജൈവ ഉച്ചകോടിയില്‍ അന്താരാഷ്ട്ര സെമിനാര്‍, കാര്‍ഷിക പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ അന്താരാഷ്ട്ര ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ കേന്ദ്രം സ്ഥാപിക്കും.
ജൈവ കാര്‍ഷിക സംസ്‌കൃതിയുടെ പ്രചാരണത്തിനായി ഫീച്ചര്‍ സിനിമ നിര്‍മിക്കാന്‍ 10 ലക്ഷം രൂപയാണ് നീക്കിവച്ചത്. ഹരിത കേരള, ജൈവ കൃഷി ബോധവല്‍ക്കരണത്തിന് 10 ലക്ഷവും പരിസ്ഥിതി സൗഹൃദ മാലിന്യനിര്‍മാര്‍ജനത്തിന് 50 ലക്ഷവും കാംപസില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അഞ്ചു ലക്ഷവും അനുവദിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.
ഇടത്തട്ടിലുള്ള ഓഫിസര്‍മാരിലേക്ക് അധികാര വികേന്ദ്രീകരണം നടത്തി ഫയല്‍ തീര്‍പ്പാക്കലിലെ കാലതാമസം ഒഴിവാക്കും. നടപ്പു വര്‍ഷം ശാസ്ത്ര പഠന വകുപ്പുകള്‍ക്ക് 15 കോടിയും ഇതര വകുപ്പുകള്‍ക്ക് അഞ്ചു കോടിയും നീക്കിവച്ചു.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ മൂന്നുകോടിയും പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് അഞ്ചു കോടിയും വകയിരുത്തി. 40 കോടി ചെലവില്‍ ഇന്റര്‍ നാഷനല്‍ അക്കാദമിക് കോംപ്ലക്‌സ്, പേറ്റന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഫിനിഷിങ് സ്‌കൂള്‍, ശാസ്ത്രയാന്‍ പദ്ധതി എന്നിവ നടപ്പാക്കും. യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം നിലവിലുള്ള അക്കാദമിക ചെയറുകള്‍ പുനക്രമീകരിക്കും.
സര്‍വകലാശാലയുടെ കീഴിലുള്ള മികച്ച അഫിലിയേറ്റഡ് കോളജിനെ അഞ്ചു ലക്ഷവും പ്രശസ്തി പത്രവും നല്‍കി ആദരിക്കും. 50 ലക്ഷം ചെലവില്‍ കമ്മ്യൂനിറ്റി റേഡിയോ സ്ഥാപിക്കും.
സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജിക്ക് പുറമെ കെ എന്‍ രാജ് സെന്ററിനെ സാമ്പത്തിക ശാസ്ത്രപഠന വകുപ്പായും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസിനെ അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍ക്കുള്ള പഠനവകുപ്പായും മാറ്റാന്‍ സര്‍ക്കാര്‍ അനുമതി തേടും.
സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്‌സില്‍ പിജി കോഴ്‌സാരംഭിക്കും. സ്‌കൂള്‍ ഓഫ് ഡിസ്റ്റന്റ്‌സ് എജ്യൂക്കേഷന്റെ കീഴിലുള്ള അധ്യയനവും പരീക്ഷാമൂല്യനിര്‍ണയവും ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമിലാക്കാന്‍ 130 ലക്ഷം രൂപ വകയിരുത്തി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റൊബോട്ടിക്‌സ് എന്നീ വിഷയങ്ങളില്‍ കോഴ്‌സുകള്‍ ആരംഭിക്കും. പരീക്ഷാഭവനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കൊപ്പം കാലികപ്രാധാന്യമുള്ള ഇന്റര്‍നെറ്റ് പ്രോഗ്രാമിങ് ആന്റ് വെബ് ടെക്‌നോളജീസ്, പേരന്റിങ് സൈക്കോളജി, ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്മെന്റ് മാനേജ്‌മെന്റ്, ഇക്കോ ടൂറിസം, ഫുഡ് പ്രോസസ്സിങ്, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാക്‌സേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങുന്നതിനായി 50 ലക്ഷവും വകയിരുത്തി.
സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടിലെ നിബന്ധനകള്‍ക്ക് അനുസൃതമായി ഡിസംബര്‍ മാസത്തില്‍ തന്നെ ബജറ്റ് അവതരിപ്പിക്കാനായത് പ്രത്യേകതയാണെന്ന് എംജി വിസി ഡോ. ബാബു സെബാസ്റ്റിയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top