ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിക്കാന്‍ പറവന്നൂര്‍ സ്‌കൂളിലെ കുട്ടിക്കര്‍ഷകര്‍

പുത്തനത്താണി: ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിക്കാനൊരുങ്ങുകയാണ് പറവന്നൂര്‍ ഇഎംഎഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. പഠനത്തോടൊപ്പം കൃഷിയുടെ പാഠങ്ങളും അനുഭവങ്ങളും പകര്‍ന്ന് കുട്ടിക്കര്‍ഷകര്‍ സ്‌കൂള്‍ മുറ്റത്തൊരുക്കിയിരിക്കുന്ന പച്ചക്കറിത്തോട്ടം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സ്‌കൂളിലെ 25 സെന്റ് സ്ഥലത്ത് പരന്നു കിടക്കുന്ന തോട്ടത്തില്‍ ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. ഉള്ളി, തക്കാളി, കാരറ്റ്, വഴുതന, കേബേജ്, കോളിഫഌവര്‍, ബീന്‍സ്, ആനക്കൊമ്പന്‍ വെണ്ട തുടങ്ങിയ 25 ഓളം ഇനം പച്ചക്കറി കൃഷികളാണ് തീര്‍ത്തും ജൈവ വളങ്ങളുപയോഗിച്ച് തോട്ടത്തില്‍ കൃഷി ചെയ്തിട്ടുള്ളത്. കൂടാതെ തൃശൂര്‍ വെള്ളായനി കാര്‍ഷിക സര്‍വകലാശാല പുതുതായി ഉല്‍പാദിപ്പിച്ച ഗിതിക, ജ്യോതിക എന്നീ പയറുകളും ആയുര്‍വേദ ഔഷധങ്ങളായ നെയ് കുമ്പളം, നിത്യ വഴുതന, കുറ്റിവാളരി, തുടങ്ങിയ പച്ചക്കറികളും തോട്ടത്തില്‍ സുലഭമാണ്.
വിദ്യാര്‍ഥികളെ പത്തംഗങ്ങളുള്ള അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചാണ് കൃഷി പരിപാലിക്കുന്നത്. നിലം ഒരുക്കല്‍, ജലസേചനം, വളമിടല്‍, കീട നിയന്ത്രണം, കളപറിക്കല്‍ എന്നിവ ചെയ്യുന്നത് ഈ ഗ്രൂപ്പുകളാണ്.ഒഴിവു സമയങ്ങള്‍ വിദ്യാര്‍ഥികളോടൊപ്പം അധ്യാപകരും മാനേജ്‌മെന്റും കൃഷിയെ പരിപാലിക്കാന്‍ തുടങ്ങിയതോടെ വിളവില്‍ നൂറുമേനി കൊയ്യാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചീരയുടെ വിളവെടുപ്പ് നടന്നിരുന്നു. നൂറുകിലോയിലധികം ചീരയാണ് അന്ന് വിളവെടുത്തത്. വിളവെടുക്കുന്ന പച്ചക്കറികള്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്. ക ല്‍പകഞ്ചേരി കൃഷി ഓഫിസറായ പി രമേശ്കുമാറിന്റെ മേല്‍നോട്ടത്തിലാണ് ജൈവപച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുള്ളത്. െഹഡ്മാസ്റ്റര്‍ രാജേഷ് വിളവില്‍, പിടിഎ പ്രസിഡന്റ് ടി ഇസ്മയില്‍, വെല്‍ഫയര്‍ കമ്മിറ്റി അംഗമായ എ കെ എം എ മജീദ്, അ്ദ്യാപകരായ തയ്യമ്പാട്ടില്‍ സിറാജുദ്ദീന്‍, ടി ഹബീബ് റഹ്മാന്‍, വി ഐ ബല്‍കീസ്, കാര്‍ഷിക ക്ലബ് കണ്‍വീനറായ ടി ഹാബിസ് എന്നിവരാണ് തോട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top