ജൈവവൈവിധ്യ പാര്‍ക്കിലെ മരങ്ങള്‍ മുറിച്ചുമാറ്റി

പൊന്നാനി: പൊന്നാനി നഗരസഭയുടെ ജൈവവൈവിധ്യ പാര്‍ക്കിലെ മരങ്ങള്‍ സ്വകാര്യ വ്യക്തി വെട്ടിമുറിച്ചു. മരത്തിന്റെ ചില്ലകള്‍ മുറിച്ചുമാറ്റാനുള്ള അനുമതിയുടെ മറവിലാണു മരങ്ങള്‍ മുറിച്ചു മാറ്റിയത്. നെല്‍കൃഷി ചെയ്യാനായി ഫലവൃക്ഷങ്ങള്‍ക്ക് മേല്‍ കോടാലി വീഴുന്ന വിചിത്ര കാഴ്ചകളാണു പൊന്നാനി നഗരസഭയിലെ നൈതല്ലൂര്‍ ജൈവവൈവിധ്യ പാര്‍ക്കില്‍ കാണുന്നത്. ജൈവവൈവിധ്യ പാര്‍ക്കിലെ സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നതിന് മുന്നോടിയായി സ്ഥലത്തേക്ക് ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ പൊന്നാനി നഗരസഭ സെക്രട്ടറി അനുമതി നല്‍കിയിരുന്നു.
ടെന്‍ഡര്‍ പ്രകാരം കൃഷിക്ക് തടസ്സമാവുന്ന തരത്തില്‍ നില്‍ക്കുന്ന ചില്ലകള്‍ മാത്രം മുറിച്ചുമാറ്റാനായിരുന്നു അനുമതി. എന്നാല്‍, കരാര്‍ ഏറ്റെടുത്തവര്‍ മരത്തിന്റെ ശിഖരങ്ങള്‍ക്ക് പകരം പതിനഞ്ചോളം മരങ്ങള്‍ ഒന്നാകെ മുറിച്ചു മാറ്റുകയായിരുന്നു. ഇതില്‍ ചിലതിന്റെ കടയ്ക്കല്‍ കോടാലി വീഴുകയും ചെയ്തു. അവധി ദിവസങ്ങളായ ശനി, ഞായര്‍ ദിവസങ്ങളിലാണു മരങ്ങള്‍ പൂര്‍ണമായും വെട്ടിനിരത്തിയത്. ഇതിനിടെ ജൈവവൈവിധ്യ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഫലവൃക്ഷങ്ങളിലെ ഫലങ്ങള്‍ എടുക്കാന്‍ നഗരസഭ ടെന്‍ഡര്‍ നല്‍കിയ ആളെയും മരങ്ങള്‍ മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് വിവരമറിയിച്ചില്ലെന്നാണു പരാതി. പൊതുസ്ഥലത്തെ മരമോ, ചില്ലകളോ മുറിച്ചു മാറ്റണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണമെന്നാണു നിയമമെന്ന് ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. ഈ ഉത്തരവുകള്‍ കാറ്റില്‍പ്പറത്തിയാണ് പൊതുസ്ഥലത്തെ ഫലവൃക്ഷങ്ങളായ മാവ്, പ്ലാവ്, പുളി ഉള്‍പ്പെടെയുള്ളവ വെട്ടിമുറിച്ചത്.
നഗരസഭയുടെ അറിവോടെയാണ് പരിസ്ഥിതിക്കെതിരെയുള്ള കടന്നുകയറ്റം നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍, ചില്ലകള്‍ മാത്രം മുറിച്ചുമാറ്റാനാണു നഗരസഭ അനുമതി നല്‍കിയതെന്ന് നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞിയും അറിയിച്ചു.

RELATED STORIES

Share it
Top