ജൈവവൈവിധ്യം

സമുദ്രങ്ങള്‍ ജൈവവൈവിധ്യത്തിന്റെ ഖനികളാണ്. ലോകത്ത് വിവിധ സമുദ്രങ്ങളില്‍ പര്യവേക്ഷണം നടത്തിയ ഗവേഷകര്‍ പറയുന്നത് ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും സമ്പന്നം തെക്കുകിഴക്കന്‍ ഏഷ്യയോടും ആസ്‌ത്രേലിയയോടും തൊട്ടുനില്‍ക്കുന്ന സമുദ്രപ്രദേശമാണെന്നാണ്.
അവിടെ പവിഴപ്പുറ്റുകളുടെ സ്വപ്‌നലോകമാണ്. സമുദ്രത്തിനടിയില്‍ അസാധാരണമായ വര്‍ണവൈവിധ്യം വിതറുന്ന പൂന്തോട്ടങ്ങള്‍. അതില്‍ ചുറ്റിപ്പറ്റി ജീവിക്കുന്ന മല്‍സ്യങ്ങളും മറ്റു ജീവിവര്‍ഗങ്ങളും അനേകമാണ്. സമാനമായ ജൈവവൈവിധ്യം പടിഞ്ഞാറ് കാരിബീയന്‍ തീരത്തുമുണ്ട്. പക്ഷേ, കാരിബീയന്‍ തീരത്തെ ജൈവവൈവിധ്യത്തിന്റെ മൂന്നിരട്ടി കിഴക്കന്‍ കടലിലുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതിനു കാരണം പ്രദേശത്തിന്റെ ഭൗമപാരമ്പര്യം തന്നെ. ഏതാണ്ട്് 35 ദശലക്ഷം വര്‍ഷം മുമ്പ് പുതിയ ഭൂഖണ്ഡങ്ങള്‍ ഉയര്‍ന്നുവരുകയും പഴയ സമുദ്രങ്ങള്‍ക്കു പകരം പുതിയ പ്രദേശങ്ങള്‍ സമുദ്രങ്ങളാവുകയും ചെയ്തു. അക്കാലത്തെ ടെറ്റിസ് സമുദ്രം പുതിയ ഭൂഖണ്ഡത്തിനു വഴിമാറിയപ്പോള്‍ അവിടത്തെ ജീവിവര്‍ഗങ്ങള്‍ അഭയാര്‍ഥികളായി എത്തിപ്പെട്ടത് പുതുതായി രൂപപ്പെട്ട കിഴക്കന്‍ സമുദ്രത്തിലാണ്. ആ പ്രദേശമാണ് ഇന്നു ശാന്തസമുദ്രത്തെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും തൊട്ടുരുമ്മിനില്‍ക്കുന്ന കിഴക്കന്‍ ഏഷ്യന്‍ സമുദ്രപ്രദേശം. അവിടെ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ടാണ് അത്യപൂര്‍വമായ ഈ ജൈവവൈവിധ്യം ഉദയംകൊണ്ടത്.

RELATED STORIES

Share it
Top