ജൈവകൃഷി

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന പച്ചക്കറികള്‍ വിഷമയമാണെന്ന തിരിച്ചറിവില്‍ നിന്നു മുളച്ചുപൊന്തിയാണ് നാട്ടില്‍ ജൈവകൃഷി വ്യാപകമായത്. സര്‍ക്കാരും ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നു. നാടുനീളെ ഇപ്പോള്‍ ജൈവകൃഷിയാണ്. വീടുകളുടെ മട്ടുപ്പാവുകളെല്ലാം ജൈവകൃഷിമയം. റസിഡന്‍സ് അസോസിയേഷനുകളില്‍ ജൈവകൃഷിത്തോട്ടങ്ങള്‍. സ്‌കൂള്‍കുട്ടികള്‍ ജൈവകൃഷിയില്‍ ഏര്‍പ്പെടുന്നത് അതിസാധാരണം. രാഷ്ട്രീയപ്പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ക്ക് ആഹാരം നല്‍കുന്നതുപോലും പാര്‍ട്ടിക്കാര്‍ നട്ടുവളര്‍ത്തിയുണ്ടാക്കിയ ജൈവ ഉല്‍പന്നങ്ങള്‍ പാകം ചെയ്താണ്. ഇങ്ങനെ പോയാല്‍ ജൈവകൃഷി രാസവളവും കീടനാശിനിയും ഉപയോഗിച്ചു നടത്തുന്ന കൃഷിയെ സ്വാഭാവികമായും ചുരുങ്ങിയ കാലം കൊണ്ട് മറികടക്കേണ്ടതുണ്ട്.
എന്നാല്‍, ഇതൊരു യഥാര്‍ഥ ചിത്രമാണോ കാഴ്ചവയ്ക്കുന്നത്? പത്രങ്ങളെയും ടിവി ചാനലുകളെയും വിശ്വസിക്കാമെങ്കില്‍ ജൈവകൃഷി വന്‍ വിജയമാണ്. പക്ഷേ, പറഞ്ഞുണ്ടാക്കുന്ന വിജയഗാഥകളല്ലേ പലതുമെന്നു സംശയിക്കണം. ജൈവോല്‍പന്നങ്ങളായി അവതരിക്കുന്ന പലതിലും രാസവളത്തിന്റെ സാന്നിധ്യമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ജൈവകൃഷിക്കു കിട്ടുന്ന മാധ്യമശ്രദ്ധ ചില മിഥ്യകളുടെ മേല്‍ കെട്ടിപ്പൊക്കിയതാണ് എന്നതിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. ജൈവകൃഷിയുടെ വിജയകഥകളുടെ തിളക്കത്തിലും തമിഴ്‌നാട്ടില്‍ നിന്നു വരുന്ന പച്ചക്കറിലോറി തന്നെ നാട്ടുകാര്‍ക്ക് ശരണം.

RELATED STORIES

Share it
Top