ജൈന സമുദായം എതിര്‍ത്തു: ആട് കയറ്റുമതി പദ്ധതി റദ്ദാക്കി

നാഗ്പൂര്‍: ആടുകളെ യുഎഇയിലേക്ക് കയറ്റി അയക്കാനുള്ള പദ്ധതി ജൈന സമുദായത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ റദ്ദാക്കി. ശനിയാഴ്ച പദ്ധതി ആരംഭിക്കേണ്ടതായിരുന്നു. ആടുകളെ കയറ്റി അയക്കാനുള്ള പദ്ധതി വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ആവിഷ്‌കരിച്ചിരുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സ്വയംതൊഴില്‍ മാര്‍ഗങ്ങള്‍ ആരംഭിക്കാനും ലക്ഷ്യംവയ്ക്കുന്നതായിരുന്നു പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ 2,000 ആടുകളെ നഗരത്തിലെ ഡോ. ബാബ സാഹബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കയറ്റി അയക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രാജ്യസഭാ അംഗവും ധാങ്കര്‍ സമുദായാംഗവുമായ ഡോ. വികാസ് മഹാത്‌മെ ആയിരുന്നു പദ്ധതിയുടെ ആസൂത്രകന്‍. ആടുകളെ കയറ്റി അയക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, കയറ്റുമതി പദ്ധതി റദ്ദാക്കിയ വിവരം മഹാത്‌മെയെ അറിയിച്ച മന്ത്രാലയം പ്രതിഷേധക്കാരോട് ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ആട് കയറ്റുമതിയില്‍ പ്രതിഷേധിച്ച് ജൈന സമുദായ അംഗങ്ങള്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

RELATED STORIES

Share it
Top