ജൈടെക്‌സ് സാങ്കേതിക വാരത്തിന് തുടക്കമായി

ദുബയ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിവരസാങ്കേതിക പ്രദര്‍ശനമായ ജൈടെക്‌സിന്റെ 38ാം എഡിഷന്‍ ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഉദ്ഘാടനം ചെയ്തു.
മിഡില്‍ ഈസ്റ്റ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ജൈടെക്‌സ് സാങ്കേതിക വാരവും സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്കായുള്ള ജൈടെക്‌സ് ഫ്യൂചര്‍ സ്റ്റാര്‍സും ആണ് ഇത്തവണത്തെ സവിശേഷതകള്‍. 100ലധികം രാജ്യങ്ങളില്‍ നിന്നുള്ള 4,000ത്തിലധികം പ്രദര്‍ശകര്‍ പങ്കെടുക്കും. വിദഗ്ധരുടെ നേതൃത്വത്തില്‍ ഒരുക്കുന്ന 290 മണിക്കൂര്‍ നീളുന്ന പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും ജൈടെക്‌സിനെ വേറിട്ടതാക്കുന്നു.
'ഭാവി നാഗരികത അനുഭവിക്കൂ' എന്ന പ്രമേയത്തിലുള്ള പ്രദര്‍ശനത്തില്‍ 5ജി, റോബോട്ടിക്‌സ്, വെര്‍ച്വല്‍ഓഗ്‌മെന്റഡ് റിയാലിറ്റി എന്നീ വിഭാഗങ്ങളില്‍ ആയിരക്കണക്കിന് കണ്ടുപിടിത്തങ്ങള്‍ കാണാനാകുന്നു. ആമസോണ്‍, ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, ഹ്യുലറ്റ് പക്കാര്‍ഡ്, സാപ്, ആലിബാബ കഌഡ്, ഹ്വാവേയ് എന്നിങ്ങനെയുള്ള ആഗോള വമ്പന്‍മാര്‍ ഇത്തവണത്തെ മേളയെ പുത്തന്‍ ഉല്‍പന്നങ്ങളാല്‍ വിസ്മയിപ്പിക്കുകയാണ്. ഗ്‌ളോബല്‍ സ്മാര്‍ട്ട് സിറ്റീസ്, ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ്), സ്മാര്‍ട്ട് വര്‍ക് പ്‌ളേസസ്, കഌഡ്, സൈബര്‍ സെക്യൂരിറ്റി, ഫ്യുചര്‍ ടെക് എന്നീ മേഖലകളിലാക്കിയുള്ള പ്രദര്‍ശനം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ 21 ഹാളുകളിലാണ് നടക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മെനാ മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനമാണിത്.

14 ദശലക്ഷം ചതുരശ്ര അടി സ്ഥലത്ത് ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തിന് ഒരു ലക്ഷത്തിലധികം സാങ്കേതിക വിദഗ്ധര്‍ എത്തും. ഈ മാസം 18 വരെയാണ് പ്രദര്‍ശനം. 2022ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ 3.9 ട്രില്യന്‍ ഡോളറിന്റെ വളര്‍ച്ചയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 2018ഓടെ മെനാ മേഖലയിലെ ഐടി വിപണി 230 ബില്യന്‍ ഡോളര്‍ വാര്‍ഷിക ആദായം നേടുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ മാസം 18നാണ് പ്രദര്‍ശനത്തിന് സമാപനമാവുക. വിവരസാങ്കേതിക രംഗത്തെ വന്‍കിട കമ്പനികളെത്തുന്ന പ്രദര്‍ശനത്തില്‍ വമ്പന്‍ കരാറുകളുമുണ്ട്. 175 രാജ്യങ്ങളില്‍ നിന്നുള്ള 750 സ്റ്റാര്‍ട്ടപ്പുകള്‍ ഇത്തവണ പരിചയപ്പെടുത്തുന്നു. സാങ്കേതിക വാരത്തിന് പുറമെ, ഫ്യൂചര്‍ സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ്.

200ലധികം ഗവണ്‍മെന്റ് കമ്പനികള്‍ ജൈടെക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ഇവയില്‍ 80 ശതമാനവും യുഎഇയില്‍ നിന്നുള്ള ഗവണ്‍മെന്റ് കമ്പനികളാണ്. തങ്ങളുടെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തവും സൗകര്യങ്ങളും ഇവിടെ അവതരിപ്പിക്കുന്നു. ടെലികോം ഓപറേറ്റര്‍മാരായ ഇത്തിസാലാത്തും ഡുവും 5ജിയുമായാണ് എത്തിയിരിക്കുന്നത്. ആരോഗ്യ പരിചരണം, റിമോട്ട് റോബോട്ടിക് സര്‍ജറി, എആര്‍/വിആര്‍, ഐഒടി, ഓട്ടോണമസ് സാങ്കേതികതകള്‍, കഌഡ് കമ്പ്യൂട്ടിംഗ് എന്നിവ പ്രദര്‍ശിപ്പിക്കുന്നു. 3ജിയും 4ജിയുമാണ് മുന്‍കാല മൊബൈല്‍ ടെക്‌നോളജി ജനറേഷനുകള്‍ ഉപയോഗിച്ചിരുന്നത്. മാനുഷിക ഇടപെടലുകള്‍ സാധ്യമായിരുന്നതായിരുന്നു ഇവ രണ്ടും. എന്നാല്‍, 5ജി വന്‍ വ്യവസായിക ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. കഌഡ് ഇന്റലിജന്‍സ് മുഖേന മെഷീനുകള്‍ക്ക് കേബിളുകള്‍ മുറിക്കാനും മറ്റും ഇത് പ്രയോജനപ്രദമാണ്.

RELATED STORIES

Share it
Top