ജേണലിസ്റ്റുകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്യണം: യുപി സര്‍ക്കാര്‍

ലഖ്‌നോ: മാധ്യമ പ്രവര്‍ത്തകരെ വരുതിയില്‍കൊണ്ടുവരാനുള്ള യുപി സര്‍ക്കാര്‍ നീക്കം വിവാദത്തില്‍. മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ലളിത്പൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാണു വിവാദമായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കീഴിലുള്ള സംസ്ഥാന പൊതുവിവര വകുപ്പില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഐടി ആക്റ്റിന് കീഴില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവരോ, അംഗങ്ങളാവാന്‍ ആഗ്രഹിക്കുന്നവരോ ആയ മാധ്യമ പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച വിവരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറെ രേഖാമൂലം അറിയിക്കണം. ഗ്രൂപ്പ് അഡ്മിന്‍മാര്‍ അംഗങ്ങളുടെ വിവരങ്ങള്‍ വകുപ്പിനു കൈമാറണം. അഡ്മിന്‍മാര്‍ ആധാറിന്റെ കോപ്പിയും ഫോട്ടോയും മറ്റു രേഖകളും സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ മാനവേന്ദ്രസിങും പോലിസ് സൂപ്രണ്ട് ഒ പി സിങും ഒപ്പു വച്ച ഉത്തരവില്‍ പറയുന്നു.ലളിത്പൂര്‍ ജില്ലയില്‍ മാത്രമാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇതിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയര്‍ന്നതോടെ പൊതുവിവര വകുപ്പ് സംസ്ഥാനത്തിനു പൊതുവായി ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ജില്ലാ അധികാരികള്‍ നല്‍കിയ നിര്‍ദേശത്തെക്കുറിച്ച് അറിയില്ലെന്നും ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അവനീഷ് അവസ്തി പ്രതികരിച്ചു. അതിനിടെ, സദുദ്ദേശ്യത്തോടെ മാത്രമാണ് ഉത്തരവിട്ടതെന്ന നിലപാടുമായി ജില്ലാ ഭരണകൂടം രംഗത്തു വന്നു.

RELATED STORIES

Share it
Top