ജേക്കബ് സുമയോട് എഎന്‍സി രാജി ആവശ്യപ്പെട്ടു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയോട് രാജി ആവശ്യപ്പെട്ടതായി ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി) പാര്‍ട്ടി വക്താവ് അറിയിച്ചു. 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ എക്‌സിക്യൂട്ടീവ് യോഗത്തിനും സുമയും ഡെപ്യൂട്ടി പ്രസിഡന്റും നിലവിലെ പാര്‍ട്ടി അധ്യക്ഷനുമായ സിറില്‍ റാമ ഫോസയുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷമായിരുന്നു പാര്‍ട്ടി തീരുമാനം. സുമ 48 മണിക്കൂറിനകം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നാണ്  പാര്‍ട്ടി നിര്‍ദേശം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നാണ് വിവരം. സുമ സ്ഥാനമൊഴിഞ്ഞിട്ടില്ലെങ്കില്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ നേരിടേണ്ടിവരുമെന്നും പാര്‍ട്ടി മുന്നറിയിപ്പു നല്‍കി. എന്നാല്‍, മൂന്നു മുതല്‍ ആറു മാസം വരെ സമയം അനുവദിക്കുകയാണെങ്കില്‍ രാജിക്കു തയ്യാറാണെന്ന്  സുമ അറിയിച്ചതായി എഎന്‍സി സെക്രട്ടറി ജനറല്‍  ഐസ് മാഗഷ്യൂള്‍ അറിയിച്ചു. ഈ ആവശ്യം പാര്‍ട്ടി നിരസിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചര്‍ച്ച ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെന്നും പ്രശ്‌നപരിഹാരം സങ്കീര്‍ണമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2009ലാണ് സുമ പ്രസിഡന്റായി അധികാരമേറ്റത്. ഭരണകാലത്ത് രാജ്യത്തെ എച്ച്‌ഐവി, എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുകയും വികസന പദ്ധതികള്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പിന്തുണ നേടുകയും ചെയ്തിരുന്നു. എന്നാല്‍, അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സുമയെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കുകയും സിറില്‍ റാമ ഫോസയെ എഎന്‍സി പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തനിക്കും കുടുംബത്തിനും എതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുതെന്ന സുമയുടെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചതായാണ് വിവരം. സുമയ്‌ക്കെതിരായ നടപടികള്‍ എഎന്‍സിയെ പിളര്‍പ്പിലേക്കു നയിക്കുമെന്നും ഇത് 2019ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ്  നിരീക്ഷകരുടെ വിലയിരുത്തല്‍.

RELATED STORIES

Share it
Top