ജേക്കബ് വടക്കുംചേരിയുടെ ഹരജിയില്‍ കോടതി വിശദീകരണം തേടി

കൊച്ചി: എലിപ്പനിക്കെതിരേ ഉപയോഗിക്കുന്ന ഡോക്ലിസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് മരുന്നിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പ്രചാരണം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകൃതിചികില്‍സകനായ ഡോ. ജേക്കബ് വടക്കുംചേരി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേരളം പ്രളയദുരന്തം നേരിട്ട ശേഷം എലിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി ആരോഗ്യ വകുപ്പ് ഡോക്ലിസൈക്ലിന്‍ വിതരണം ചെയ്തിരുന്നു.
ഈ ആന്റിബയോട്ടിക് ദോഷകരമാണെന്നു ചൂണ്ടിക്കാട്ടി ജേക്കബ് വടക്കുംചേരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. ഇതിനെതിരേ സപ്തംബര്‍ 3ന് തിരുവനന്തപുരം സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ കേസെടുത്തിരുന്നു. സപ്തംബര്‍ 8ന് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്‌തെങ്കിലും സപ്തംബര്‍ 19ന് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഈ മരുന്നിനെതിരേ മെഡിക്കല്‍ റിപോര്‍ട്ടുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പല രാജ്യങ്ങളിലും ഈ മരുന്ന് നിരോധിച്ചിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.
കെഎസ്ആര്‍ടിസി മൂന്നു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: ഗുരുതരമായ കൃത്യവിലോപം, ചട്ടലംഘനം എന്നീ കാരണങ്ങളാല്‍ കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളിലായി മൂന്നു ജീവനക്കാരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി നെടുമ്പാശ്ശേരി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസില്‍ സുല്‍ഫിക്കര്‍ എന്ന യാത്രക്കാരനോട് മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്ത ചങ്ങനാശ്ശേരി ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ കണ്ടക്ടര്‍ പ്രദീപ് ബി നായരെയും, ബസ് പരിശോധനയില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയ ടിക്കറ്റ് സംബന്ധമായ ക്രമക്കേടുമായി ബന്ധപ്പെട്ട് പത്തനംതിട്ട യൂനിറ്റിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ബി ഷാനവാസ്, കല്‍പറ്റ യൂനിറ്റിലെ അബ്ദുല്‍ സലാം പി എം എന്നിവരെയുമാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തത്.

RELATED STORIES

Share it
Top