ജേക്കബ് തോമസ് ഹാജരാവണമെന്നു കോടതി

കൊച്ചി: ഹൈക്കോടതിയിലെ രണ്ടു സിറ്റിങ് ജഡ്ജിമാര്‍ക്കെതിരേ ആരോപണമുന്നയിച്ച വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. അഡ്വ. ബി എച്ച് മന്‍സൂറിന്റെ പരാതിയില്‍ സ്വമേധയാ എടുത്ത ക്രിമിനല്‍ കോടതിയലക്ഷ്യ കേസിലാണ് അടുത്ത മാസം രണ്ടിന് ജേക്കബ് തോമസ് നേരിട്ട് ഹാജരാവേണ്ടത്. കേസില്‍ കോടതിയെ സഹായിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചുമതലപ്പെടുത്തി.
കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കാന്‍ ജേക്കബ് തോമസ് നല്‍കിയ കത്ത് ചീഫ് സെക്രട്ടറി ഇതുവരെ കൈമാറിയിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഇന്നലെ കോടതിയെ അറിയിച്ചു. ജേക്കബ് തോമസ് തന്റെ ലക്ഷ്യം നേടിയെന്നാണ് മനസ്സിലാവുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. തുടര്‍ന്നാണ് അടുത്ത മാസം രണ്ടിന് ജേക്കബ് തോമസ് നേരിട്ട് ഹാജരാവണമെന്ന് ഉത്തരവിട്ടത്.
ഹൈക്കോടതി ജഡ്ജിമാരായ പി ഉബൈദ്, കെ എബ്രഹാം മാത്യു എന്നിവര്‍ തനിക്കെതിരേ വിധികള്‍ പുറപ്പെടുവിക്കുകയാണെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി മുഖേന കേന്ദ്ര വിജിലന്‍സ് കമ്മീഷന് ജേക്കബ് തോമസ് കത്തയച്ചത്. ഈ കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഈ മാസം 10ന് മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ഇത് കോടതിയെ ഇകഴ്ത്തിക്കാട്ടാനും അപമാനിക്കാനുമുള്ള ബോധപൂര്‍വവും സത്യസന്ധമല്ലാത്തതുമായ പ്രവൃത്തിയായിരുന്നുവെന്നു കോടതിയലക്ഷ്യ ഹരജി പറയുന്നു.
ആരോപണങ്ങളെല്ലാം തെറ്റാണ് എന്നു അറിഞ്ഞുകൊണ്ട് തന്നെയാണ് ജേക്കബ് തോമസ് അവ ഉന്നയിച്ചത്. ഈ പ്രവൃത്തി നീതിനിര്‍വഹണത്തിലുള്ള ഇടപെടലാണ്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് കഴിയില്ലെന്ന് 1985 ബാച്ച് ഐപിഎസുകാരനായ ജേക്കബ് തോമസിന് അറിയാം. പക്ഷേ, കോടതിയെ ഇകഴ്ത്തിക്കാട്ടുന്നതിന് വേണ്ടി വളരെ കൗശലപൂര്‍വമാണ് പരാതി നല്‍കിയതെന്നും കോടതിയലക്ഷ്യ ഹരജി പറയുന്നു.
അഡ്വ. ബി എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയും മാധ്യമവാര്‍ത്തകളും പരിശോധിക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ജേക്കബ് തോമസ് ചെയ്തതായി ചീഫ് ജസ്റ്റിസ് രജിട്രാറിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു ഹരജിയായി ഇതു കോടതിയില്‍ എത്തിയത്.

RELATED STORIES

Share it
Top