ജേക്കബ് തോമസ് സുപ്രിംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയില്‍ തനിക്കെതിരേ ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സുപ്രിംകോടതിയെ സമീപിച്ചു. കോടതിയെ വിമര്‍ശിച്ചിട്ടില്ലെന്നും അഴിമതിക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനുമെതിരേയാണ് താന്‍ പരാതി ഉന്നയിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് ഹരജി നല്‍കുന്നത്.
വിജിലന്‍സ് ഡയറക്ടറായിരിക്കെ അഴിമതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ എടുത്തിരുന്നെങ്കിലും രാഷ്ട്രീയക്കാരും പ്രോസിക്യൂഷനും അഴിമതിക്കാരും ചേര്‍ന്ന് അട്ടിമറിച്ചുവെന്ന് ജേക്കബ് തോമസ് പരാതിപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പേരുവിവരങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെതിരേ ഹൈക്കോടതിയില്‍ നടപടി തുടങ്ങിയത്. അടുത്ത മാസം രണ്ടിന് കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ജേക്കബ് തോമസ് സുപ്രിംകോടതിയെ സമീപിച്ചത്. അതിനു മുമ്പ് കേസ് പരിഗണിച്ച് സ്റ്റേ ചെയ്യിക്കാനുള്ള ശ്രമവും അഡ്വ. ഹാരിസ് ബീരാന്‍ മുഖേന ജേക്കബ് തോമസ് നടത്തുന്നുണ്ട്. താന്‍ ജഡ്ജിമാര്‍ക്കെതിരേ ആക്ഷേപം ഉന്നയിച്ചിട്ടില്ല.
കേസുകളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ പരിഗണിച്ച ജഡ്ജിമാരുടെ പേരുകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ തനിക്കെതിരേയുള്ള കോടതിയലക്ഷ്യ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം.
നാളെ സുപ്രിംകോടതിയില്‍ ഹരജി മെന്‍ഷന്‍ ചെയ്ത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഹാരിസ് ബീരാന്‍ അറിയിച്ചു.

RELATED STORIES

Share it
Top