ജേക്കബ് തോമസ് പോലിസ് മേധാവിയാവുമോ? ആകാംക്ഷയോടെ ഉന്നത ഉദ്യോഗസ്ഥരുംതിരുവനന്തപുരം: ജേക്കബ് തോമസ് സംസ്ഥാന പോലിസ് മേധാവിയാവുമോയെന്നറിയാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരിലും ആകാംക്ഷ. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് ഉന്നത ഉദ്യോഗസ്ഥരെയടക്കം വിറപ്പിച്ചതു കൊണ്ടുതന്നെ ജേക്കബ് തോമസ് ഡിജിപിയാവരുതെന്നാണ് പലരുടെയും ഉള്ളിലിരിപ്പ്്.  സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ ഈ മാസാവസാനത്തോടെ സര്‍വീസില്‍ നിന്ന് വിരമിക്കും. തൊട്ടടുത്ത സീനിയറായ ജേക്കബ് തോമസായിരിക്കണം സ്വാഭാവികമായും അടുത്ത ഡിജിപി. എന്നാല്‍, കൂടുതല്‍ കാലവും സര്‍വീസില്‍  പോലിസ് യൂനിഫോമിടാന്‍ ജേക്കബ് തോമസിന് കഴിഞ്ഞിട്ടില്ല.  സംസ്ഥാന പോലിസ് മേധാവിയായി ജേക്കബ് തോമസിനെ നിയമിക്കാ ന്‍ സര്‍ക്കാരിനും താല്‍പര്യമില്ലെന്നാണ് അറിയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പിണറായി വിജയന്‍ പ്രത്യേക താല്‍പര്യമെടുത്താണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി അവരോധിച്ചത്. തുടക്കത്തില്‍ സര്‍ക്കാരും ജേക്കബ് തോമസും ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് രണ്ടും രണ്ടുവഴിയിലായി സഞ്ചാരം.  ഇ പി ജയരാജനെതിരേയും മുതിര്‍ന്ന സിപിഎം നേതാവ് ടി പി ദാസനെതിരേയും കേസെടുത്തത് ജേക്കബ് തോമസിനെ കൈവിടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. പൊതുജനങ്ങളില്‍ നിന്ന് പരാതി ലഭിക്കുന്ന മുറയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം വിജിലന്‍സ് എസ്പി/ഡിവൈഎസ്പിമാര്‍ക്ക് നല്‍കിയതും ജേക്കബ് തോമസിന് വിനയായി. ഈ നിര്‍ദേശത്തോടെ വിജിലന്‍സില്‍ ധാരാളം പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പരാതികളുടെ മെറിറ്റ് നോക്കാതെയും പ്രാഥമിക അന്വേഷണം നടത്താതെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഇതൊക്കെ കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും കാരണമായി. അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ടോം ജോസ്, കെ എം എബ്രഹാം എന്നിവര്‍ക്കെതിരേ അധിക സ്വത്ത് സമ്പാദന കേസന്വേഷണം തുടങ്ങിയതും ജേക്കബ് തോമസിനെതിരേ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ തിരിയാന്‍ കാരണമായി. വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഏറിയതോടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറാന്‍ തയ്യാറാണെന്ന് കാട്ടി ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെങ്കിലും അദ്ദേഹം അതു തള്ളുകയായിരുന്നു. ജേക്കബ് തോമസിന്റെ ഓരോ നടപടികളെയും വിമര്‍ശിച്ച് നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രസ്താവനകളുമായി സജീവമാവുകയും ചെയ്തു. ഏറ്റവും ഒടുവില്‍ മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനോട് അടിയന്തരമായി ലീവില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top