ജേക്കബ് തോമസിന് സ്ഥാപിത താല്‍പര്യങ്ങളുണ്ടായിരുന്നു

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിമര്‍ശിച്ച്് വിജിലന്‍സ് മുന്‍ നിയമോപദേഷ്ടാവ്. പാറ്റൂര്‍ ഭൂമി വിവാദം, ബാര്‍കോഴ തുടങ്ങിയ കേസുകളില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് സ്ഥാപിത താല്‍പര്യങ്ങളുണ്ടായിരുന്നുവെന്ന് വിജിലന്‍സ് മുന്‍ നിയമോപദേഷ്ടാവ് ജി ശശീന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ ജേക്കബ് തോമസ് സമ്മര്‍ദത്തിലാക്കിയെന്നും വിജിലന്‍സ് മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായിരുന്ന ജി ശശീന്ദ്രന്‍  ആരോപിച്ചു. ആവശ്യമായ വിവരങ്ങള്‍ ഇല്ലാതെ ജേക്കബ് തോമസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാറ്റൂര്‍ കേസിലടക്കം വിജിലന്‍സിന് വേണ്ടി ഹാജരായിരുന്ന തന്നെ തുടര്‍ച്ചയായി വീഴ്ചവരുത്തിയെന്ന് കാണിച്ച് ജേക്കബ് തോമസ് മാറ്റുകയായിരുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു.  അതേസമയം, വിജിലന്‍സ് ഡയറക്ടറുടെ തസ്തിക മാറ്റ ശുപാര്‍ശയ്‌ക്കെതിരേ ജേക്കബ് തോമസ് രംഗത്തുവന്നു. വിജിലന്‍സ് തലപ്പത്ത് എഡിജിപി മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ നിയമപരമല്ലെന്നും ജേക്കബ് തോമസ് വിശദീകരിച്ചു. കേന്ദ്ര നിയമമനുസരിച്ച് വിജിലന്‍സ് ഡയറക്ടറാവേണ്ടത് ഡിജിപി തന്നെയാണ്. ഏത് ഉന്നതനെതിരേയും അന്വേഷണം നടത്തണമെങ്കില്‍ ഡിജിപി റാങ്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. പാറ്റൂര്‍ കേസിലെ തിരിച്ചടിയിലും ജേക്കബ് തോമസ് വിജിലന്‍സിനെ വിമര്‍ശിച്ചു.  എഫ്‌ഐആര്‍ ഇട്ട് ഒന്നരമാസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ പദവി ഒഴിഞ്ഞതിനാല്‍ കേസ് അന്വേഷണത്തിലും തെളിവ് ശേഖരണത്തിലും പങ്കില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. തുടര്‍ന്ന് കേസ് നടത്തിയ വിജിലന്‍സ് ഗുരുതരമായ വീഴ്ച വരുത്തി. തെളിവ് ശേഖരിക്കുന്നതിലും കോടതിയെ അത് തെളിയിക്കുന്നതിലും വിജിലന്‍സ് പരാജയമായിരുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. പാറ്റൂര്‍ കേസ് ഒരിക്കലും ഭാവനാസൃഷ്ടിയല്ല. പൈപ്പ് ലൈന്‍ പോവുന്ന സ്ഥലം മാറ്റിയത് തെറ്റാണ്. അത് ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. പാവപ്പെട്ടവന്റെ ഭൂമിയായിരുന്നെങ്കില്‍ പൈപ്പ് ലൈന് മാറ്റുമായിരുന്നോ. താന്‍ സ്ഥാനമൊഴിഞ്ഞ ശേഷം അതിന്റെ തുടര്‍ നടപടികള്‍ വിജിലന്‍സ് ശ്രദ്ധിക്കാതിരുന്നത് കടുത്ത വീഴചയാണെന്നും ജേക്കബ് തോമസ് ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം അഞ്ച് പേര്‍ക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയിരുന്നു. പാറ്റൂര്‍ ഭൂമി ഇടപാടിലെ വിജിലന്‍സ് കേസ് ഭാവനാ സൃഷ്ടിയെന്ന് പറഞ്ഞാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസെടുത്തപ്പോള്‍ വിജലന്‍സ് തലപ്പത്തുണ്ടായിരുന്ന ജേക്കബ് തോമസിനെതിരേയും ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു.

RELATED STORIES

Share it
Top