ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനു സസ്‌പെന്‍ഷന്‍. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്നുള്ള ജേക്കബ് തോമസിന്റെ പരസ്യപ്രസ്താവനയാണ് സസ്‌പെന്‍ഷനിലേക്കു നയിച്ചത്. ഡിജിപിയുടെ പ്രസ്താവന സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി കെ എം എബ്രഹാം സസ്‌പെന്‍ഷനില്‍ ഒപ്പുവച്ചത്. അഖിലേന്ത്യാ സര്‍വീസ് നിയമം 3(1എ) പ്രകാരമാണ് നടപടി. സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കാമെന്ന് ചട്ടത്തില്‍ പറയുന്നുണ്ട്. സസ്‌പെന്‍ഷന് പുറമെ അച്ചടക്കനടപടിയുമുണ്ടാവും. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നുവെന്ന് പ്രസ്താവിച്ചതു വഴി ജേക്കബ് തോമസ് ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്ന് സര്‍ക്കാര്‍ വിലയിരുത്തി. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥന്‍ ചെയ്യാന്‍ പാടില്ലാത്തതാണിത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ അലവന്‍സുകള്‍ക്കും മറ്റും അര്‍ഹത ഉണ്ടായിരിക്കും. അതേസമയം, ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല.അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന സെമിനാറിലാണ് ജക്കബ് തോമസ് വിവാദ പ്രസംഗം നടത്തിയത്. അഴിമതിക്കെതിരേ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിനു കാരണം സംസ്ഥാനത്തു നിയമവാഴ്ച ഇല്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അവര്‍ക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതിവിരുദ്ധരെ നിശ്ശബ്ദരാക്കുമെന്നും  അദ്ദേഹം പരിഹസിച്ചു. ഓഖി ചുഴലിക്കാറ്റിലെ രക്ഷാപ്രവര്‍ത്തനത്തെയും ഡിജിപി വിമര്‍ശിച്ചിരുന്നു. പണക്കാരുടെ മക്കളാണ് കടലില്‍പ്പോയതെങ്കില്‍ ഇതാവില്ലായിരുന്നു അധികാരികളുടെ പ്രതികരണമെന്നും എത്രപേരെ കാണാതായെന്ന കാര്യത്തില്‍ പോലും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED STORIES

Share it
Top