ജേക്കബ് തോമസിന് എതിരായ നടപടി; കോടതിയലക്ഷ്യവുമായി മുന്നോട്ട് പോവുന്നോയെന്ന് അറിയിക്കണം

ന്യൂഡല്‍ഹി: ജഡ്ജിമാരെ വിമര്‍ശിച്ചതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് എതിരായ കോടതി യലക്ഷ്യ നടപടിയുമായി മുന്നോട്ട് പോവുന്നുണ്ടോ എന്ന് അറിയിക്കാന്‍ കേരള ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. നിലപാട് ഒക്ടോബര്‍ ഒമ്പതിനകം അറിയിക്കണമെന്നാണ് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹൈകോടതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വിമര്‍ശനങ്ങളെ വിശാലമായ അര്‍ഥത്തില്‍ കണ്ടുകൂടെ എന്ന് ഹൈക്കോടതിയോട് ആരാഞ്ഞ ബെഞ്ച്, ഒക്ടോബര്‍ 9ന് ഹരജി വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക നടപടിയുടെ ഭാഗമായി നല്‍കിയ നോട്ടീസിന് ജേക്കബ് തോമസ് മറുപടി നല്‍കിയില്ലെന്ന് ഹൈക്കോടതിക്കായി ഹാജരായ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ അറിയിച്ചു.
ഹൈക്കോടതി ജഡ്ജിമാരായ പി ഉബൈദ്, എബ്രഹാം മാത്യൂ എന്നിവര്‍ക്കെതിരേ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തില്‍ ഉന്നയിച്ച ആരോപണമാണ് കേസിന് ആധാരം. ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കോടതിയലക്ഷ്യ ഹരജിയെടുത്തത്. ഇതിനെതിരേ ജേക്കബ് തോമസ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
ജേക്കബ് തോമസിന് എതിരേ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതിനെക്കുറിച്ച് കേരള ഹൈക്കോടതിയോട് സുപ്രിംകോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ വിശദീകരണം തേടി മാസങ്ങള്‍ കഴിഞ്ഞിട്ടും ഹൈക്കോടതി സുപ്രിംകോടതിയില്‍ മറുപടി നല്‍കിയിരുന്നില്ല.

RELATED STORIES

Share it
Top