ജേക്കബ് തോമസിന്റെ ഭൂമി കണ്ടുകെട്ടാന്‍ ആദായനികുതി നോട്ടീസ്

തിരുവനന്തപുരം: മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ ഭൂമി കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് ചെന്നൈ യൂനിറ്റിന്റെ നോട്ടീസ്. നോട്ടീസ് ജേക്കബ് തോമസിന്റെ കേരളത്തിലെ വീടുകളിലും ആദായനികുതി വകുപ്പ് പതിപ്പിച്ചു. ബിനാമി ഇടപാടിലൂടെ ഭൂമി സ്വന്തമാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട് വിരുതനഗറിലെ ഭൂമി കണ്ടുകെട്ടുന്നത്. ജേക്കബ് തോമസിന്റെ കൊച്ചി കടവന്ത്രയിലെയും തിരുവനന്തപുരത്തെയും വീടുകളിലാണ് നോട്ടീസ് പതിപ്പിച്ചത്.
തമിഴ്‌നാട്ടിലെ വിരുതനഗറില്‍ 2001ല്‍ രണ്ട് ഇടപാടുകളിലായി 50.33 ഏക്കര്‍ സ്ഥലം ജേക്കബ് തോമസ് വാങ്ങിയിരുന്നു. എന്നാല്‍, ഇത് അദ്ദേഹത്തിന്റെ സ്വത്തുവിവരത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. സ്വത്ത് സ്വന്തം പേരിലാണെങ്കിലും കൊച്ചി കേന്ദ്രമായ ഇസ്ര അഗ്രോടെക് സിസ്റ്റംസ് എന്ന കമ്പനി ഡയറക്ടര്‍ എന്ന വിലാസത്തിലാണ് ഇടപാട് നടത്തിയത്. ജേക്കബ് തോമസ് ഈ കമ്പനിയുടെ ഡയറക്ടറല്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. തുടര്‍ന്ന് ജേക്കബ് തോമസിന് നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റിയില്ല.
പിന്നാലെയാണ് ഇന്നലെ ഉച്ചയോടെ കൊച്ചി കടവന്ത്രയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി കണ്ടുകെട്ടുന്നത് സംബന്ധിച്ച നോട്ടീസ് പതിച്ചത്. ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരിലുള്ള വീടാണിത്. ആദായനികുതി വകുപ്പ് ചെന്നൈ യൂനിറ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ വിശാഖാണ് കണ്ടുകെട്ടല്‍ നടപടിയുടെ വിവരം പരസ്യപ്പെടുത്തിയിരിക്കുന്നത്. ബിനാമി പ്രോപര്‍ട്ടി ട്രാന്‍സാക്ഷന്‍ ആക്ട് പ്രകാരമാണ് നടപടി.

RELATED STORIES

Share it
Top