ജെ ഡേ വധം: ഛോട്ടാ രാജന്‍ അടക്കം 8 പേര്‍ക്ക് ജീവപര്യന്തം

മുംബൈ: മുംബൈയിലെ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായിരുന്ന ജ്യോതിര്‍മയി ഡേയെ (ജെ ഡേ) വധിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഛോട്ടാ രാജന്‍, ഷാര്‍പ്പ് ഷൂട്ടര്‍ സതീഷ് കാലിയ എന്നിവര്‍ അടക്കം എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മുംബൈയിലെ പ്രത്യേക മോക്ക കോടതിയുടേതാണ് ഉത്തരവ്. കേസില്‍ മാധ്യമപ്രവര്‍ത്തകനായ ജിഗ്‌ന വോറ ഉള്‍പ്പെടെ രണ്ടു പേരെ കോടതി വെറുതെ വിട്ടു.  പ്രേരണക്കുറ്റമായിരുന്നു വോറയ്‌ക്കെതിരേ ചുമത്തിയിരുന്നത്.
2011 ജൂണ്‍ 11നാണ് മാധ്യമപ്രവര്‍ത്തകനായ ജെ ഡേ വെടിയേറ്റ് മരിക്കുന്നത്. 155 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പ്രതികളായിരുന്ന 14 പേരില്‍ 10 പേരെ കോടതി കുറ്റക്കാരെന്നു കണ്ടെത്തുകയായിരുന്നു. ഇതില്‍ വിനോദ് അശ്‌റാനി എന്നയാള്‍ വിചാരണവേളയില്‍ മരിച്ചിരുന്നു. മറ്റ് രണ്ടു പേര്‍ ഒളിവിലാണ്. ബാക്കിയുള്ള പ്രതികളെയാണ് ഇന്നലെ പ്രത്യേക മോക്ക കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഛോട്ടാ രാജനും സതീഷ് കാലിയക്കും പുറമേ അഭിജിത് ഷിന്‍ഡേ, അരുണ്‍ ദാഘേ, സചിന്‍ ഗെയ്ക്‌വാദ്, അനില്‍ വാഗ്മോദ്, നിലേഷ് ഷെഡ്‌ഗേ, മന്‍ഗേഷ് അഗ്വാനെ, ദീപക് സിസോദിയ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികള്‍.
2011 ഡിസംബര്‍ 3ന് മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2016ല്‍ സിബിഐ അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ജെ ഡേയ്ക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് ഛോട്ടാ രാജന്‍ ആരോപിച്ചിരുന്നു. ഛോട്ടാ രാജനെ കുറിച്ച് ജെ ഡേ നിരന്തരം ലേഖനങ്ങള്‍ എഴുതിയതാണ് കൊലപാതകത്തിനു പിന്നിലെന്ന് സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. നിലവില്‍ ഡല്‍ഹിയിലെ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.

RELATED STORIES

Share it
Top