ജെസ്‌ന തിരോധാനം: ആറു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

പത്തനംതിട്ട: ജെസ്‌ന മറിയ ജെയിംസിനെ കാണാതായിട്ട് ആറു മാസം പിന്നിടുമ്പോഴും പോലിസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അന്വേഷണം ഇഴയുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കേരളത്തിലും പുറത്തും ഊര്‍ജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ ഒരു മാസമായി മന്ദഗതിയിലാണ്. ജസ്‌നയുമായി അടുപ്പമുണ്ടായിരുന്ന സഹപാഠിയില്‍ നിന്നു നിരവധി തവണ പോലിസ് വിശദീകരണം തേടിയെങ്കിലും തിരോധാനത്തിനു കാരണമായ സൂചനകളൊന്നും ലഭിച്ചില്ല. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് പറയുമ്പോഴും വ്യക്തമായ തുമ്പു പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
മുണ്ടക്കയം ബസ് സ്റ്റാന്റില്‍ ജസ്‌നയെന്നു തോന്നിക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ ശാസ്ത്രീയ വിശകലനവും ഗുണകരമായില്ല. 200ഓളം പേരില്‍ നിന്നു നേരിട്ടും അല്ലാതെയും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും പുറത്തും തിരച്ചില്‍ നടത്തി. കഴിഞ്ഞയാഴ്ച മൂന്നാംതവണയും ബംഗളൂരുവില്‍ അന്വേഷണത്തിനു പോയെങ്കിലും ഫലമുണ്ടായില്ല. കോട്ടയം, ഇടുക്കി ജില്ലകളിലെ വനങ്ങളിലും നദീ തീരങ്ങളിലും എസ്‌റ്റേറ്റുകളിലും വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ തിരച്ചില്‍ നടത്തിയിരുന്നു.
അതേസമയം, അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 22 മുതല്‍ എസ്പി ഓഫിസിനു മുമ്പില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
വിദ്യാര്‍ഥിനിയുടെ തിരോധാനത്തില്‍ പോലിസ് കനത്ത അവഗണനയും ഗുരുതരമായ വീഴ്ചയുമാണു വരുത്തിയത്. പോലിസ് വീഴ്ചവരുത്തിയ സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു എസ്പി ഓഫിസിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.
പ്രളയദുരന്തത്തില്‍ നാട് ജീവനു വേണ്ടി കേഴുമ്പോള്‍ സമരങ്ങള്‍ നടത്തുന്നത് ശരിയല്ലാത്തതുകൊണ്ട് ജസ്‌നയുടെ തിരോധാനം സംബന്ധിച്ച സമരം മാറ്റിവയ്ക്കുക മാത്രമാണു ചെയ്തത്. ജസ്‌നയുടെ തിരോധാനത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ഭീതിയും ആശങ്കയും നിലനില്‍ക്കുമ്പോള്‍ കേസ് സിബിഐക്ക് കൈമാറാത്ത സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top