ജെസ്‌ന തിരോധാനം: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്; ആറു യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണമെന്നു സൂചന

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മുണ്ടക്കയത്തെ ആറു യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുവെന്ന സൂചനകളാണു പുറത്തുവരുന്നത്.
ജെസ്‌നയുടെ ഫോണ്‍ കോളുകളില്‍ നിന്നാണു മുണ്ടക്കയം, ചോറ്റി, കോരുത്തോട്, കരിനിലം സ്വദേശികളായ ആറംഗ സംഘത്തിലേക്ക് അന്വേഷണമെത്തിയത്. ജെസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും യുവാക്കള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ് സംശയത്തിന് അടിസ്ഥാനം. ഇവരുടെ കൂട്ടുകെട്ട് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഇടുക്കിയില്‍ കഴിഞ്ഞയാഴ്ച കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണസംഘത്തിനു സംശയമുണ്ട്. ഇടുക്കി വെള്ളത്തൂവലില്‍ പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലിസ്.
അതേസമയം, പോലിസ് ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണം നല്‍കിയിട്ടില്ല. അന്വേഷണം പൂര്‍ത്തിയാവാതെ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാവില്ലെന്നാണു പോലിസിന്റെ നിലപാട്. പ്രചരിക്കുന്ന കഥകളെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്താനാവില്ലെന്നും തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള മാധ്യമങ്ങളോട് പറഞ്ഞു. കാണാതാവുന്നതിന് തലേദിവസം ജെസ്‌ന ആണ്‍സുഹൃത്തിനെ ഏഴു തവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന തരത്തില്‍ പലരും ജെസ്‌നയ്ക്ക് താക്കീത് നല്‍കിയെന്ന സൂചനയും പോലിസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജെസ്‌നയുടെ ഫോണില്‍ നിന്ന് ആണ്‍സുഹൃത്തിന് പോയ കോളുകളെ പോലിസ് ഗൗരവത്തോടെയാണു കാണുന്നത്. മാത്രമല്ല, മുണ്ടക്കയത്തു നിന്നു ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ജെസ്‌നയാണെന്ന നിഗമനവും പോലിസിനുണ്ട്. ഈ ദൃശ്യത്തിലും ആണ്‍സുഹൃത്തിനെ കണ്ടെത്തിയതും പോലിസിന്റെ സംശയങ്ങള്‍ക്കു ബലമേകുന്നു. കഴിഞ്ഞ മാര്‍ച്ച് 22നാണ് ബന്ധുവീട്ടിലേക്ക് പോയ മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്.

RELATED STORIES

Share it
Top