ജെസ്‌നയുടെ തിരോധാനം: സുഹൃത്തിനെ സംശയമുണ്ടെന്ന് സഹോദരന്‍പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക ഇടപെടലുമായി കുടുംബം. ജെസ്‌നയ്ക്ക് അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്ന് സഹോദരന്‍ ജെയ്‌സ് പറഞ്ഞു. സുഹൃത്തിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളില്ലാത്തതുകൊണ്ടാണ് ആരോപണം ഉന്നയിക്കാത്തത്. ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ നേരിട്ട് പരിചയമില്ല.

ജസ്‌നയുമായി പലതവണ ഫോണില്‍ സംസാരിച്ചിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പോലിസ് അന്വേഷണത്തോട് തങ്ങളുടെ കുടുംബം പൂര്‍ണമായും സഹകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്ക് വിധേയരാവാനും തയ്യാറാണ്. പോലിസ് അന്വേഷണം തൃപ്തികരമാണെന്നും ജെയ്‌സ് സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. ജെസ്‌നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവുമില്ലെന്നും പോലിസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജെസ്‌നയുടെ സുഹൃത്ത് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
അതേസമയം, തിരോധാനവുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ കുടുംബത്തിനെതിരെയും അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കി. ജെസ്‌ന വീട് വിട്ടിറങ്ങിപ്പോകാനുണ്ടായ സാഹചര്യം എന്താണെന്ന് കണ്ടെത്തണം. പോലിസ് അന്വേഷണത്തെ വഴിതിരിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ഗൂഢപ്രവര്‍ത്തനം നടക്കുന്നുണ്ടോയെന്നും സംശയമുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. അതിനിടെ, ജെസ്‌ന കേസ് അന്വേഷിക്കുന്ന പത്തനംതിട്ട വെച്ചൂച്ചിറ പോലിസ് മലപ്പുറം കോട്ടക്കുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം ആരംഭിച്ചു. കോട്ടക്കുന്ന് പാര്‍ക്കില്‍ കഴിഞ്ഞദിവസമെത്തിയ അന്വേഷണസംഘം ജെസ്‌ന എന്ന് സംശയിച്ച പെണ്‍കുട്ടിയെ നേരില്‍ക്കണ്ടവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോട്ടക്കുന്ന് പാര്‍ക്കിന്റെ രണ്ടു കവാടങ്ങളിലും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ സമയപരിധി കഴിഞ്ഞതുകൊണ്ട് ലഭ്യമല്ല.

ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി വന്ന മെയ് മൂന്നിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഹാര്‍ഡ് ഡിസ്‌ക് പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍, പാര്‍ക്കില്‍ വന്ന പെണ്‍കുട്ടി ജസ്‌നയല്ലെന്ന് സുരക്ഷാ ജീവനക്കാരനും മാനേജരും മൊഴി നല്‍കിയിട്ടുണ്ട്. ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന നോട്ടീസ് കോട്ടക്കുന്ന് പാര്‍ക്കിന്റെ ചുമരില്‍ പതിച്ചാണ് അന്വേഷണ സംഘം മടങ്ങിയത്.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉത്തരങ്ങള്‍ വൈകുന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണെന്ന് വനിതാകമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പ്രതികരിച്ചു. അന്വേഷണം കുറച്ചുകൂടി വേഗത്തിലാക്കണം. തുടക്കത്തില്‍ അന്വേഷണത്തിന് പോലിസ് വേണ്ടത്ര കരുതല്‍ നല്‍കിയില്ലെന്നും ജസ്‌നയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം ഷാഹിദ കമാല്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top