ജെസ്‌നയുടെ തിരോധാനം: പോലിസിന് വിമര്‍ശനം

കൊച്ചി: കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മറിയം ജെയിംസിന്റെ തിരോധാനം അന്വേഷിക്കാന്‍ പോലിസ് വൈകിയെങ്കില്‍ അത് ഗുരുതര വീഴ്ചയാണെന്നു സംസ്ഥാന വനിതാ കമ്മീഷന്‍. ജെസ്‌നയെ കാണാനില്ലെന്നു കാണിച്ച് കുടുംബം നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് 46 ദിവസങ്ങള്‍ക്കു ശേഷമാണെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണു വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പോലിസ് നടപടികളെ വിമര്‍ശിച്ചത്.
സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികളില്‍ പോലിസ് മൃദുസമീപനം സ്വീകരിക്കാന്‍ പാടില്ല. പരാതികള്‍ ലഭിച്ചാല്‍ ഗൗരവപൂര്‍വം നടപടികള്‍ സ്വീകരിക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. ഒന്നര മാസം മുമ്പ് കാണാതായ ജെസ്‌നയെ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെ ഡിജിപി നിയോഗിച്ചത്.

RELATED STORIES

Share it
Top