ജെസ്‌നയുടെ തിരോധാനം: പോലിസിനെ വിമര്‍ശിച്ച് കുടുംബം

പത്തനംതിട്ട: ബിരുദ വിദ്യാര്‍ഥിനിയായ ജെസ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സഹോദരന്‍ ജെയ്‌സ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചതിനു പിന്നാലെയാണ് ജെയ്‌സിന്റെ പ്രതികരണം. ജെസ്‌നയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍, അത് സാധൂകരിക്കുന്ന യാതൊരു തെളിവും പോലിസിനു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി ബന്ധുക്കളെയെല്ലാം പലതവണ ചോദ്യംചെയ്തതാണെന്നും ജെയ്‌സ് പറഞ്ഞു. കുടുംബത്തിനു നേരെ ഉയരുന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നു. പോലിസ് തന്നെ നാലുതവണ ചോദ്യംചെയ്തു. പിതാവ് ജെയിംസിനെയും പലതവണ ചോദ്യംചെയ്തു. അമ്മ മരിച്ചതിന്റെ വിഷമമല്ലാതെ മറ്റു വിഷമങ്ങളൊന്നും ജെസ്‌ന നേരിട്ടിരുന്നില്ലെന്നും ജെയ്‌സ് പറഞ്ഞു.
അതേസമയം, ആദ്യഘട്ടത്തില്‍ കേസ് ഗൗരവമായി അന്വേഷിക്കാതിരുന്നതാണ് അനന്തമായി നീളാന്‍ കാരണമെന്ന് കോളജിലെ ജെസ്‌നയുടെ അധ്യാപകന്‍ ആരോപിച്ചു. തുടക്കം മുതല്‍ അര്‍ഹമായ പരിഗണന നല്‍കിയെങ്കില്‍ തെളിവുകള്‍ നശിക്കില്ലായിരുന്നു. ജെസ്‌നയും ആണ്‍സുഹൃത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് കൂടുതലായി അറിയില്ലെന്നും അധ്യാപകന്‍ സ്വകാര്യ ചാനലിനോടു പറഞ്ഞു.
ജെസ്‌ന പഠനത്തിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയ വിദ്യാര്‍ഥിനിയാണ്. അങ്ങനെയൊരു കുട്ടി അപ്രത്യക്ഷമായെന്നതു വിശ്വസിക്കാനാവുന്നില്ല. ജെസ്‌നയുടെ ആണ്‍സുഹൃത്തും കാംപസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ഥിയാണെന്നും അധ്യാപകന്‍ പറഞ്ഞു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് നിലവില്‍ കേസിന്റെ അന്വേഷണച്ചുമതല. ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ്, തിരുവല്ല, പത്തനംതിട്ട, കേരളം എന്ന വിലാസത്തിലോ 9497990035 എന്ന ഫോണ്‍ നമ്പറിലോ നല്‍കണമെന്ന് പത്തനംതിട്ട എസ്പി അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top