ജെസ്‌നയുടെ തിരോധാനം: പുതിയ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കോട്ടയം: മുക്കൂട്ടുതറ കൊല്ലമുളയില്‍ നിന്നു കാണാതായ ജെസ്‌നയുടേതെന്നു സംശയിക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. മുണ്ടക്കയം ടൗണിലെ ബസ് സ്റ്റാന്റിനു സമീപമുള്ള കടയിലെ സിസിടിവിയില്‍ നിന്നാണു ദൃശ്യങ്ങള്‍ ലഭിച്ചത്. നേരത്തേ ഈ കാമറയിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന്, പോലിസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ ഇവ വീണ്ടെടുക്കുകയായിരുന്നു.
അതേസമയം, ദൃശ്യങ്ങള്‍ ജെസ്‌നയുടേതെന്നു പിതാവ് ജയിംസ് സ്ഥിരീകരിച്ചിട്ടില്ലെന്നു പോലിസ് വ്യക്തമാക്കി. ജെസ്‌ന തിരോധാനത്തില്‍ അന്വേഷണം വഴിമുട്ടിനില്‍ക്കുന്ന സാഹചര്യത്തില്‍ മുണ്ടക്കയത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക വഴിത്തിരിവാകുമെന്നു പ്രതീക്ഷിച്ചെങ്കിലും സ്ഥിരീകരിക്കാത്തതിനാല്‍ അന്വേഷണം വീണ്ടും വഴിമുട്ടിയ അവസ്ഥയിലാണ്.
കാണാതായ ദിവസം മാര്‍ച്ച് 22ന് പകല്‍ 11.44നു ബസ് സ്റ്റാന്റിനടുത്തുള്ള കടയുടെ മുന്നിലൂടെ നടന്നുപോവുന്ന ജെസ്‌നയുടെ ദൃശ്യങ്ങളാണ് ആദ്യം ലഭിച്ചത്.  പിന്നീട് ആറു മിനിറ്റിനു ശേഷം ജെസ്‌നയുടെ ആണ്‍സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നു പോലിസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്‌ന തന്നെയാണെന്നു സഹപാഠികള്‍ വ്യക്തമാക്കിയിരുന്നു. സഹപാഠികള്‍ ആണ്‍സുഹൃത്തിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വീട്ടില്‍നിന്ന് ഇറങ്ങുമ്പോ ള്‍ ജെസ്‌ന ധരിച്ചിരുന്നത് ചുരിദാറാണെന്നാണ് എരുമേലിയില്‍ കണ്ടവരുടെ മൊഴി. എന്നാല്‍, മുണ്ടക്കയത്തു നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഇവര്‍ ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്. കൈയില്‍ ഒരു ബാഗും തോളില്‍ മറ്റൊരു ബാഗുമുണ്ടായിരുന്നു. ലഭിച്ച ദൃശ്യങ്ങളില്‍ നിന്നു ജെസ്‌ന മുണ്ടക്കയത്തെത്തിയ ശേഷം ഷോപ്പിങ് നടത്തിയതായി സൂചനയുണ്ട്. ഇതിനുവേണ്ടി മുണ്ടക്കയത്ത് അരമണിക്കൂര്‍ ചെലവഴിച്ചതായും പോലിസ് സംശയിക്കുന്നു. കൂടാതെ, ദൃശ്യങ്ങളില്‍ കാണുന്നത് ജെസ്‌നയാണെങ്കില്‍ വസ്ത്രം മാറിയത് എവിടെ വച്ചാണെന്നും മുണ്ടക്കയത്തുവച്ച് സുഹൃത്തുമായി കണ്ടുമുട്ടിയിരുന്നോ എന്നുമുള്ള കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജെസ്‌നയുടെ സുഹൃത്തുക്കളെ പോലിസ് വീണ്ടും ചോദ്യംചെയ്യുമെന്നാണ് സൂചന.
മുണ്ടക്കയത്തുള്ള പിതൃസഹോദരിയുടെ വീട്ടിലേക്കു പോവുന്നുവെന്നു പറഞ്ഞു മാര്‍ച്ച് 22ന് രാവിലെ കൊല്ലമുളയിലെ വീട്ടില്‍ നിന്നിറങ്ങിയ ജെസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. മാര്‍ച്ച് 22ന് രാവിലെ 10.30ന് എരുമേലിയില്‍ വച്ചു ജെസ്‌ന ബസ്സിലിരിക്കുന്നതു കണ്ടെന്നു സാക്ഷിമൊഴികളുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലിസിന് ലഭിച്ചിരുന്നു.

RELATED STORIES

Share it
Top