ജെസ്‌നയുടെ തിരോധാനം: പിതാവ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ പോലിസ് പരിശോധന നടത്തി

കോട്ടയം: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുണ്ടക്കയം ഏന്തയാറില്‍ പിതാവ് ജെയിംസ് ജോസഫ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ പരിശോധന നടത്തി. ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിക്ക് വീട് വച്ചുകൊടുക്കുന്നതിന്റെ നിര്‍മാണക്കരാര്‍ ജെസ്‌നയുടെ പിതാവിന്റെ നിര്‍മാണക്കമ്പനിക്കാണ്. ഇത്തരമൊരു സംശയം ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ദൃശ്യം സിനിമയ്ക്കു സമാനമായ പരിശോധന നടത്തിയത്. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് പോലിസ് പറയുന്നത്. ജനുവരിയില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന സ്ഥലത്താണ് പരിശോധന നടത്തിയത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലമാണ് നിര്‍മാണം പൂര്‍ത്തീകരിക്കാതിരുന്നതെന്നാണ് വിവരം. ജെസ്‌നയുടെ തിരോധാനത്തില്‍ സംശയനിവാരണത്തിന് വീട്ടുകാരെ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തുകയാണ്.
അതിനിടെ, ജെസ്‌നയുടെ മൊബൈല്‍ ഫോണിലെ നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു. കാണാതായ മാര്‍ച്ച് 22ന് തലേദിവസം ജെസ്‌ന ആണ്‍സുഹൃത്തിന് അയച്ച സന്ദേശവും വീണ്ടെടുത്തവയില്‍ പെടുന്നു. താന്‍ മരിക്കാന്‍ പോവുന്നു എന്നതായിരുന്നു അവസാന സന്ദേശം. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സൈബര്‍ സെല്‍ വിശദമായി പരിശോധിച്ചുവരുകയാണെന്ന് അന്വേഷണച്ചുമതലയുള്ള പത്തനംതിട്ട എസ്പി ടി നാരായണന്‍ അറിയിച്ചു.  ആവശ്യമെങ്കില്‍ ജെസ്‌നയുടെ പിതാവിനെയും സഹോദരനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി.  അതേസമയം, പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ജെസ്‌നയുടെ പിതാവ് ജെയിംസ് രംഗത്തെത്തി. പോലിസ് ഊഹാപോഹങ്ങള്‍ക്കു പിന്നാലെ പോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top