ജെസ്‌നയുടെ തിരോധാനം: താന്‍ കാമുകനല്ല; പോലിസ് പീഡിപ്പിക്കുന്നുവെന്ന് സുഹൃത്ത്‌

കോട്ടയം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ പോലിസിനെതിരേ പരാതിയുമായി ആരോപണവിധേയനായ ആണ്‍സുഹൃത്ത് രംഗത്ത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലിസും പൊതുസമൂഹവും തന്നെ പീഡിപ്പിക്കുന്നതായി സുഹൃത്ത് സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
താന്‍ ജെസ്‌നയുടെ കാമുകനല്ല, സുഹൃത്ത് മാത്രമാണ്. ജെസ്‌നയ്ക്ക് മറ്റു പ്രണയമുണ്ടോയെന്ന് അറിയില്ല. പത്തിലേറെ തവണയാണ് പോലിസ് തന്നെ വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തത്. ജെസ്‌നയുടെ കാമുകനാണോ എന്നു പലതവണ പോലിസ് ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോള്‍ കാമുകനുണ്ടോ എന്നായി അടുത്ത ചോദ്യം. അറിയാവുന്ന എല്ലാ കാര്യങ്ങളും താന്‍ അവരോട് വ്യക്തമാക്കിയതാണ്. മരിക്കാന്‍ പോവുന്നു എന്നാണ് ജെസ്‌ന തനിക്ക് അവസാനമായി അയച്ച സന്ദേശം. ഇക്കാര്യം ജെസ്‌നയെ കാണാതായപ്പോ ള്‍ തന്നെ ബന്ധുക്കളെയും പോലിസിനെയും അറിയിച്ചതാണ്. മുമ്പും സമാനമായ തരത്തില്‍ ജെസ്‌ന സന്ദേശം അയച്ചിട്ടുണ്ട്. അപ്പോള്‍ തന്നെ ജെസ്‌നയുടെ ജ്യേഷ്ഠനെ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍, അതു വിഷയമാക്കേണ്ടതില്ലെന്നാണ് സഹോദരന്‍ പറഞ്ഞത്. പോലിസില്‍ ഏല്‍പ്പിച്ച തന്റെ ഫോണ്‍ ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്നും യുവാവ്് പ്രതികരിച്ചു. തങ്ങള്‍ക്ക് തിരോധാനവുമായി ബന്ധമില്ലെന്ന് ജെസ്‌നയുടെ മറ്റു രണ്ടു കൂട്ടുകാരികളും വ്യക്തമാക്കി. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ആണ്‍സുഹൃത്തിലേക്കു നീളുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് അടുത്ത സുഹൃത്തുകള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പോലിസിന്റെ തുടര്‍ച്ചയായ ചോദ്യംചെയ്യലും സമൂഹത്തിന്റെ സംശയദൃഷ്ടിയോടെയുള്ള നോട്ടവും കാരണം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് തങ്ങള്‍. കേസ് തെളിയിക്കപ്പെടേണ്ടത് ഇപ്പോള്‍ തങ്ങളുടെ കൂടി ആവശ്യമാണ്.
പൊതുവെ അന്തര്‍മുഖയായ ജെസ്‌ന ഒറ്റയ്ക്ക് ഇത്രദൂരം സഞ്ചരിക്കുമെന്നോ ഒളിച്ചുതാമസിക്കുമെന്നോ വിശ്വസിക്കാനാവുന്നില്ല. വളരെ ഒതുങ്ങിക്കൂടിയ പ്രകൃതമാണ് ജെസ്‌നയുടേത്. അധികം സുഹൃത്തുക്കളൊന്നും അവള്‍ക്കില്ല. ആരോ ഒരാള്‍ അവള്‍ക്കൊപ്പമുണ്ടാവുകയോ അല്ലെങ്കില്‍ ആരുടെയോ ഇടപെടലോ നിര്‍ദേശങ്ങളോ ജെസ്‌നയുടെ തിരോധാനത്തിനു പിന്നിലുണ്ടെന്നാണ് സഹപാഠികള്‍ വിശ്വസിക്കുന്നത്.

RELATED STORIES

Share it
Top