ജെസ്‌നയുടെ തിരോധാനം: അനാഥാലയത്തില്‍ പരിശോധന

ചെങ്ങന്നൂര്‍: കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്ന മരിയാ ജയിംസിനെ കണ്ടെത്താന്‍ പോലിസ് ചെങ്ങന്നൂര്‍ മുളക്കുഴയിലെ അനാഥാലയത്തില്‍ തിരച്ചില്‍ നടത്തി. മനുഷ്യാവകാശപ്രവര്‍ത്തകനായ ചെങ്ങന്നൂര്‍ സ്വദേശി പ്രദീപ് കോശി മുഖ്യമന്ത്രിക്കും ജില്ലാ പോലിസ് മേധാവിക്കും ഡിവൈഎസ്പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി. ജസ്ന ഉള്‍പ്പെടെ നിരവധി പേരെ അനാഥാലയത്തിലെത്തിച്ചിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ മരിച്ചതായും ഇവരുടെ മൃതശരീരം അനാഥാലയത്തിനോട് ചേര്‍ന്നുള്ള ചാണക്കുഴിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നുമാണ് പരാതിയില്‍ സൂചിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചാണക്കുഴിയില്‍ മൂന്ന് ദിവസം നടത്തിയ പരിശോധനയില്‍ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി.
പോലിസ് രഹസ്യമായാണ് അനാഥാലയത്തില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നു കണ്ടെത്തിയ അസ്ഥിക്കഷണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു.
സ്ത്രീകള്‍ ഉള്‍െപ്പടെ 300ല്‍പരം അന്തേവാസികളാണ് അനാഥാലയത്തില്‍ ഉണ്ടായിരുന്നത്. അനാഥാലയത്തിന്റെ നടത്തിപ്പില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നിരവധി പേര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2017 ഡിസംബര്‍ 9ന് മനുഷ്യാവകാശ കമ്മീഷന്‍ പി മോഹന്‍ദാസ് അനാഥാലയം സന്ദര്‍ശിക്കുകയും ഇവിടെനിന്നും അന്തേവാസികളായ സ്ത്രീകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 200ല്‍പരം അന്തേവാസികളെ ഇവിടെനിന്നു മാറ്റിപ്പാര്‍പ്പിച്ചതായി പോലിസ് പറഞ്ഞു. നിലവില്‍ 105 അന്തേവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. 20 വര്‍ഷം മുമ്പാണ് സ്നേഹധാര എന്നപേരില്‍ അനാഥാലയം പ്രവര്‍ത്തനമാരംഭിച്ചത്. സെക്രട്ടറി പി എസ് എബ്രഹാമും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമുള്‍െപ്പടെ 15 പേരാണ് ട്രസ്റ്റിലുള്ളത്.

RELATED STORIES

Share it
Top