ജെസ്‌നയുടെ തിരോധാനംആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്യും

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പോലിസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇയാളുടെ അടുത്ത സുഹൃത്തുക്കളും അന്വേഷണസംഘത്തിന്റ നിരീക്ഷണത്തിലാണ്. ഇവരില്‍ ചിലരെയും ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കാണാതായ ദിവസം ആണ്‍സുഹൃത്ത് 10 മിനിറ്റോളം ജെസ്‌നയുമായി ഫോണില്‍ സംസാരിച്ചെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യാനുള്ള തീരുമാനം. സൈബര്‍ സെല്ലിന്റെ പരിശോധനയിലാണ് ഈ വിവരം ലഭിച്ചത്.
അതേസമയം, മുണ്ടക്കയം ബസ്‌സ്റ്റാന്റിന് സമീപത്തെ കച്ചവടസ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ജെസ്‌നയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിനകത്തും പുറത്തും പോലിസ് പരിശോധന നടത്തുകയാണ്. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് ഇത് ജെസ്‌നയാണെന്ന നിഗമനത്തില്‍ പോലിസ് എത്തിയത്. ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും അവകാശവാദവുമായി ആരും രംഗത്തുവന്നിട്ടില്ലെന്നതും പോലിസിന്റെ സംശയം ബലപ്പെടുത്തുന്നു.
സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങളിലുള്ളത് ജെസ്‌നയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍, ദൃശ്യങ്ങളിലുള്ളത് ജെസ്‌നയല്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പോലിസിന്റെ പക്കലുള്ള ഏക തെളിവും ഈ ദൃശ്യങ്ങളാണ്.
കാണാതായ അന്നു രാവിലെ 11.44ന് മുണ്ടക്കയം ബസ് സ്റ്റാന്റിനു സമീപത്തുകൂടി ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആറ് മിനിറ്റിന് ശേഷം ആണ്‍ സുഹൃത്തിനെയും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇക്കാര്യംകൂടി കണക്കിലെടുത്താണ് ആണ്‍സുഹൃത്തിനെ വിശദമായി ചോദ്യംചെയ്യാന്‍ പോലിസ് തീരുമാനിച്ചത്. കഴിഞ്ഞദിവസം എസ്പിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ യോഗം ചേര്‍ന്ന അന്വേഷണസംഘവും ദൃശ്യങ്ങളിലുള്ളത് ജെസ്‌നയാണെന്നാണ് വിലയിരുത്തിയത്.

RELATED STORIES

Share it
Top