ജെസിബി, ടിപ്പര്‍ ലോറി വാടക 20 ശതമാനം വര്‍ധിപ്പിച്ചു

കണ്ണൂര്‍: ചെങ്കല്ലിന് വില കൂട്ടിയതിനു പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങളുടെയും ടിപ്പര്‍ ലോറികളുടെയും വാടക വര്‍ധിപ്പിക്കാന്‍ കണ്ണൂരില്‍ ചേര്‍ന്ന കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ യോഗം തീരുമാനിച്ചു.
യന്ത്രങ്ങളുടെ വലുപ്പം അനുസരിച്ച് 15 മുതല്‍ 20 ശതമാനം വരെ വര്‍ധനയാണ് വരുത്തിയത്. കംപ്രസര്‍, ട്രാക്റ്റര്‍ എന്നിവയുടെ വാടകയും കൂട്ടി. വാടക മണിക്കൂറിന് ഇപ്രകാരം: ജെസിബി ത്രിഡി എക്‌സ്-1200, ജെസിബി 2 ഡിഎക്‌സ്-1100, ഹിറ്റാച്ചി 120-2200, ഹിറ്റാച്ചി 110-2000, ഹിറ്റാച്ചി 70-1700, ജെഎസ് 81-1700, ഹിറ്റാച്ചി 33-30-1200, ഹിറ്റാച്ചി 20-1100, കംപ്രസര്‍-750, ടിപ്പര്‍ ലോറി 200 സ്‌ക്വയര്‍ ഫീറ്റ് ദിവസവാടക-7000, ടിപ്പര്‍ ലോറി 150 സ്‌ക്വയര്‍ ഫീറ്റ് ദിവസ വാടക-6000, ടിപ്പര്‍ ലോറി 100 സ്‌ക്വയര്‍ ഫീറ്റ് ദിവസ വാടക-4500.
പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. അടിക്കടിയുള്ള ഡീസല്‍ വില വര്‍ധനയെ തുടര്‍ന്നാണ് വാഹനങ്ങളുടെ വാടക വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം കെ പ്രഭാകരനും ജനറല്‍ സെക്രട്ടറി കാടാച്ചിറ ബാബുവും വ്യക്തമാക്കി.
കൂടാതെ, ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ്, ലൂബ്രിക്കന്റ്‌സ് വിലയിലുണ്ടായ വര്‍ധനയും പരിഗണിച്ചു. അതേസമയം, ചെങ്കല്ലിന് വില കൂട്ടിയതിനെച്ചൊല്ലി തൊഴിലുടമ-തൊഴിലാളി തര്‍ക്കം രൂക്ഷമായതോടെ ചെങ്കല്‍ വിപണന മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
വിലവര്‍ധന അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് തൊഴിലാളികളും ലോറിക്കാരും സമരത്തിലിറങ്ങിയതോടെ പ്രധാന ചെങ്കല്‍ മേഖലകളില്‍ കല്ലുകൊത്ത് നിലച്ചു. ഇതേത്തുടര്‍ന്നാണ് യന്ത്രങ്ങളുടെയും ലോറികളുടെയും വാടക വര്‍ധിപ്പിച്ചത്.

RELATED STORIES

Share it
Top