ജെറൂസലേം വിഷയം: യുഎന്‍ രക്ഷാസമിതിയില്‍ ഒറ്റപ്പെട്ട് അമേരിക്ക

ന്യുയോര്‍ക്ക്: ജെറൂസലേം വിഷയത്തില്‍ അമേരിക്കന്‍ നടപടിക്കെതിരേ പ്രമേയം അവതരിപ്പിക്കാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയില്‍  അമേരിക്ക ഒറ്റപ്പെട്ടു.  ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചുംകൊണ്ടുള്ള അമേരിക്കന്‍ നിലപാട് തള്ളിക്കൊണ്ട് പ്രമേയം വോട്ടിനിട്ട വേളയിലായിരുന്നു ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്ക തീര്‍ത്തും ഒറ്റപ്പെട്ടത്.ഒരു അന്താരാഷ്ട്ര വിഷയത്തില്‍ യുഎസ് ഇത്രമാത്രം പ്രതിസന്ധിയിലായ മറ്റൊരു സന്ദര്‍ഭം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 15 അംഗ സമിതിയില്‍ ഒരു രാഷ്ട്രത്തിന്റെ പോലും പിന്തുണ നേടാനാവാതെയാണ് അമേരിക്കന്‍ പ്രതിനിധി പ്രമേയം വീറ്റോ ചെയ്തത്. അമേരിക്കയ്ക്കു പുറമെ, ചൈന, ഫ്രാന്‍സ്, യുകെ, റഷ്യ എന്നീ സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും ചേര്‍ന്നതാണ് യുഎന്‍ രക്ഷാസമിതി. ഇവരില്‍ ഒരാളുടെ പോലും പിന്തുണ നേടാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ല. ഇവയിലേറെയും അമേരിക്കന്‍ സഖ്യകക്ഷികളാണെന്നിരിക്കെയാണിത്.

പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ അലയടിച്ചിരുന്നു. അറബ് ലീഗ് ഉള്‍പ്പെടെയുള്ള സമിതികളും ലോക മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനും ശക്തമായ ഭാഷയിലാണ് അമേരിക്കന്‍ നീക്കത്തിനെതിരേ രംഗത്തെത്തിയത്. അമേരിക്കയുടെ തീരുമാനം അംഗീകരിച്ച ഏകരാഷ്ട്രം ഇസ്രായേല്‍ മാത്രമാണെന്ന് ഫലസ്തീന്‍ സംഘടനയായ ഹമാസ് നേരത്തേ പരിഹസിച്ചിരുന്നു.

ഇസ്രായേല്‍ എംബസി ജെറൂസലേമിലേക്ക് മാറ്റുന്ന കാര്യത്തില്‍ അമേരിക്കന്‍ സഖ്യകക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവിടങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിട്ടില്ല. തുടക്കത്തില്‍ എതിര്‍പ്പുണ്ടാവുമെങ്കിലും ക്രമേണ അമേരിക്കയുടെ തീരുമാനത്തോടൊപ്പം ലോകം നില്‍ക്കുമെന്നായിരുന്നു ട്രംപിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ദിവസം കഴിയുന്തോറും യുഎസ്സിനെതിരായ പ്രതിഷേധം കനത്തുകൊണ്ടിരിക്കുന്നതായാണ് അനുഭവം.

RELATED STORIES

Share it
Top