ജെറിന്റെ മരണം : റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെന്ന് മന്ത്രിതിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ ജെറിന്‍ മൈക്കിള്‍(25) മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് മന്ത്രി കെ കെ ശൈലജ. എന്നാല്‍, ചികില്‍സ ലഭിക്കാന്‍ വൈകിയതാണ് മരണത്തിന് കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. കുറ്റം കണ്ടെത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അന്‍വര്‍ സാദത്തിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. സ്റ്റാന്‍ഡേഡൈസേഷന്‍ മാനദണ്ഡപ്രകാരമുള്ള തസ്തികകള്‍ അനുവദിക്കുന്ന മുറയ്ക്ക് ഓച്ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തിചികില്‍സ ആരംഭിക്കുമെന്ന് ആര്‍ രാമചന്ദ്രന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. ആലപ്പാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇപ്പോള്‍ കിടത്തിചികില്‍സ പരിഗണനയിലില്ലെന്നും മന്ത്രി അറിയിച്ചു. മലപ്പുറം വഴിക്കടവ് മാമാങ്കരയില്‍ കോയിക്കര മാത്യു ദുരൂഹസാഹചര്യത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കാട്ടുപന്നിയെ പിടിക്കാന്‍വച്ച വൈദ്യുതി വേലിയില്‍ തട്ടി മരിച്ചുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ പങ്കുള്ളതായി പോലിസ് സംശയിക്കുന്ന ബാലകൃഷ്ണനും ഹംസയും കോടതിയില്‍ നിന്ന് മുന്‍കൂര്‍ജാമ്യം നേടി. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നാണ് പോലിസ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top