ജെഡിയു കാണിച്ചത് കൊടും വഞ്ചനയെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്)

കോട്ടയം: ജെഡിയു യുഡിഎഫിനോട് കാണിച്ചത് കൊടിയ വഞ്ചനയും നെറികേടുമാണെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ഒമ്പതുവര്‍ഷം മുമ്പ് എല്‍ഡിഎഫ് ചവിട്ടിപ്പുറത്താക്കിയെന്ന് വിലപിച്ചെത്തിയ വീരേന്ദ്രകുമാറിന് അഭയം നല്‍കിയവരാണ് യുഡിഎഫ്. അഞ്ചുവര്‍ഷം സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വകുപ്പും കൈകാര്യം ചെയ്തു.
ഏഴ് നിയമസഭാ സീറ്റും പാലക്കാട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരവും നല്‍കി. യുഡിഎഫിന് അനായാസം വിജയിക്കാന്‍ കഴിയുന്ന രാജ്യസഭാ സീറ്റ് കോ ണ്‍ഗ്രസ്സും മുസ്‌ലിംലീഗും അവകാശവാദമുന്നയിച്ചിട്ടും വീരേന്ദ്രകുമാറിന് നല്‍കുകയാണ് ചെയ്തത്. എന്നിട്ടും യുഡിഎഫിനോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് വീരേന്ദ്രകുമാര്‍ എംപിസ്ഥാനം രാജിവച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യുഡിഎഫിന്റെ പടയൊരുക്കം റാലിയില്‍ വീരേന്ദ്രകുമാറും ജെഡിയുവിന്റെ മുഴുവന്‍ നേതാക്കളും വേദി പങ്കിടുകയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തതാണ്. വീരേന്ദ്രകുമാര്‍ പോയാലും നേതാക്കളാരും യുഡിഎഫ് വിടില്ലെന്നായിരുന്നു കെ പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രഖ്യാപനം.
എന്നാല്‍, യാതൊരു കാരണവുമില്ലാതെ യുഡിഎഫ് വിട്ടതിന് കേരളസമൂഹം മാപ്പുനല്‍കില്ല. ജെഡിയുവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന് യാതൊരു ജാഗ്രതക്കുറവുമുണ്ടായിട്ടില്ല. അതേസമയം, ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അര്‍ഹതപ്പെട്ടത് കൊടുക്കുന്നതിലും കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രതപാലിക്കണം. ഏതു കക്ഷി പോയാലും യുഡിഎഫിന് യാതൊരു കോട്ടവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top