ജെടി റോഡിലെ മിനി ട്രഞ്ചിങ് ഗ്രൗണ്ട്; പരിസരവാസികള്‍ പ്രക്ഷോഭത്തിലേക്ക്‌

വടകര: ജെ ടി റോഡിലെ പഴയ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വടകര നഗരസഭ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് എതിരെ പരിസരവാസിക്കള്‍ പ്രക്ഷോഭത്തിലേക്ക്. അജൈവ മാലിന്യ ശേഖരണത്തിന്റെ ഭാഗമായി നഗരസഭയിലെ 47 വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന ഇ-വേസ്റ്റ് ഉള്‍പ്പടെയുള്ള മാലിന്യമാണ് ഇവിടെ സംഭരിക്കുന്നത്. ജനവാസ കേന്ദ്രമായ ഇവിടെ നേരത്തെ അറവ്ശാലയുടെയും, ചോളംവയല്‍ ഡ്രയിനേജിന്റെയും ദുരിതം പേറുന്നവരാണ് പരിസരവാസികള്‍. ഈ സമയത്താണ് മറ്റൊരു തിരാ ദുരിതമായി മിനി ട്രഞ്ചിംങ് ഗ്രൗണ്ടുമായി നഗരസഭ രംഗത്ത് വന്നിരിക്കുന്നതെന്നും ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജെടി പൗര—സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വടകര പോലുള്ള വലിയ നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെയും മാലിന്യങ്ങള്‍ ഇതില്‍പെടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഇ-മാലിന്യങ്ങളില്‍ നിന്നും മെര്‍ക്കുറി ബള്‍ബുകളില്‍ നിന്നും പുറത്ത് വരുന്ന മാരകമായ രാസപദാര്‍ത്ഥങ്ങള്‍ പരിസരവാസികളുടെ ജീവന് തന്നെ ഭീഷണി ഭീഷണി ഉയര്‍ത്തും. നിര്‍ദിഷ്ട സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന പൊതു കിണറും, മറ്റും മലിനമാകുന്നതില്‍ സംശയമില്ല. മാലിന്യ സംഭരണ കേന്ദ്രത്തിനായി ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ അഞ്ച് മീറ്റര്‍ അകലെയാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള അങ്കണവാടിയും പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇതുമായ് ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍, സെക്രട്ടറി, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, പ്രദേശവാസികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ യോഗത്തില്‍ പദ്ധതി അടിച്ചേല്‍പ്പിക്കുന്ന രൂപത്തിലായിരുന്നു അധികൃതര്‍ സംസാരിച്ചത്. ഇക്കാരണത്താല്‍ തന്നെ യോഗം അലസി പിരിയുകയായിരുന്നു. മാത്രമല്ല പൗരസമിതിയുടെ നേതൃത്വത്തില്‍ എംഎല്‍എ സികെ നാണുവിനും, വടകര എസ്‌ഐ സനല്‍രാജിനും വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നിവേദനവും നല്‍കിയിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് പ്രദേശത്തെ ജനങ്ങളെ ഉള്‍പ്പെടുത്തി ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പൗരസമിതിയംഗങ്ങളായ യൂനുസ് വടകര, ടിപി ബഷീര്‍, കെ അനസ്, വിവി അഷ്‌കര്‍, ടിപി പ്രകാശന്‍, ടിപി അന്‍സീര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top