ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റംതെളിയിക്കാനാവാതെ പോലിസ്‌

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു കാംപസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചു വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ രണ്ടു വര്‍ഷമായിട്ടും തുടര്‍നടപടികളില്ല. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാനോ വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള രാജ്യദ്രോഹക്കുറ്റം തെളിയിക്കാനോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഡല്‍ഹി പോലിസിനും ഇതുവരെ കഴിഞ്ഞിട്ടില്ല.2016 ഫെബ്രുവരി 9ന് ജെഎന്‍യു കാംപസില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബ ഭട്ടാചാര എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാല്‍, രണ്ടു വര്‍ഷം പിന്നിട്ടിട്ടും കൃത്യമായി അന്വേഷണം നടത്തി വിദ്യാര്‍ഥികള്‍ക്കെതിരേ കുറ്റം തെളിയിക്കാന്‍ പോലിസിനു കഴിഞ്ഞിട്ടില്ല. കൃത്യമായ കുറ്റപത്രം പോലും പോലിസ് ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നു മാത്രമാണ് ഇതുമായി ബന്ധപ്പെട്ടു പോലിസ് വൃത്തങ്ങളുടെ പ്രതികരണം. എന്നാല്‍, അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നും  വിദ്യാര്‍ഥികളില്‍ നിന്നു പിടിച്ചെടുത്ത ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും ഫോറന്‍സിക് റിപോര്‍ട്ടിനു വേണ്ടി കാത്തിരിക്കുകയാണെന്നും കേസില്‍ കശ്മീരില്‍ നിന്നുള്ള എട്ടുപേര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതായും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ, ജെഎന്‍യുവിലെ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളെ കൂടി എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമം പോലിസ് നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

RELATED STORIES

Share it
Top