ജൂവലറിയില്‍ മുക്കുപണ്ടം നല്‍കി പണം തട്ടിയ രണ്ട് പേര്‍ പിടിയില്‍

ഓയൂര്‍:വിവിധ സ്ഥലങ്ങളിലെ ജൂവലറികളില്‍ മുക്കുപണ്ടം നല്‍കി പകരം സ്വര്‍ണ്ണവും പണവും തട്ടിയ രണ്ടുപേരെ പോലിസ് പിടികൂടി. തൊടുപുഴ വെള്ളിയാമറ്റം പാറശ്ശേരി വീട്ടില്‍ മോഹനന്‍ (60), പല്ലാരിമംഗലം ഉളിക്കപ്പാറ മടത്തുംപടിവീട്ടില്‍ സുബേര്‍ (42) എന്നിവരാണ് പിടിയിലായത്. മോഷണക്കേസിലും തട്ടിപ്പിനും തിരുവനന്തപുരം പാങ്ങോട് പോലിസ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനെതുടര്‍ന്ന് മധ്യകേരളത്തിലെ വിവിധ സ്റ്റേഷനുകളുടെ പരിധിയില്‍ നിരവധി സ്വര്‍ണ്ണക്കടകളില്‍ മുക്കുപണ്ടം നല്‍കി പകരം സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിച്ചു. പൂയപ്പള്ളി പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഓയൂരിലെ എസ്എന്‍ ഫാഷന്‍ ജൂവലറിയിലും സല്‍മാന്‍സ് ജൂവലറിയിലും മൂന്ന് പവന്റെ മുക്കുപണ്ടത്തിന്റെ മാലകള്‍ നല്‍കി ഒരു പവന്റെ മൂന്ന് വളകളും 13,500രൂപയും തട്ടിയെടുത്തതായി ഇവര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതികളെ പൂയപ്പള്ളി പോലിസിന് കൈമാറുകയായിരുന്നു. ഇരുവരേയും ജൂവലറിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

RELATED STORIES

Share it
Top