ജൂലിയന്‍ അസാന്‍ജിന് ഇന്റര്‍നെറ്റ് വിലക്ക്‌

ലണ്ടന്‍: വീക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് നല്‍കിവന്നിരുന്ന ഇന്റര്‍നെറ്റ് സേവനം ലണ്ടനിലെ ഇക്വഡോര്‍ എംബസി റദ്ദാക്കി. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്ന ഉടമ്പടി അസാന്‍ജ്്് ലംഘിച്ചതായി ആരോപിച്ചാണ് നടപടി. അസാന്‍ജിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ ബ്രിട്ടനും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമായുള്ള ഇക്വഡോറിന്റെ ബന്ധം തകര്‍ക്കുമെന്നും എംബസി അധികൃതര്‍ പറയുന്നു.
ആസ്‌ത്രേലിയന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറായ അസാന്‍ജ്്് 2012 മുതല്‍ ഇക്വഡോര്‍ എംബസിയിലാണ് അഭയാര്‍ഥിയായി താമസിക്കുന്നത്. മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് അദ്ദേഹം 2017ല്‍ ഉറപ്പു നല്‍കിയതായും ഈ കരാര്‍ ലംഘിച്ചതായും ഇക്വഡോര്‍ അധികൃതര്‍ പറയുന്നു. എന്നാല്‍, ഇക്വഡോറുമായി ഇങ്ങനെയൊരു കരാറില്‍ അസാന്‍ജ്് ഏര്‍പ്പെട്ടിരുന്നില്ലെന്ന് വിക്കിലീക്‌സ് ട്വിറ്ററില്‍ അറിയിച്ചു.
ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥന് വിഷബാധയേറ്റ സംഭവത്തില്‍ റഷ്യക്കെതിരായ ബ്രിട്ടന്റെ നിലപാടിനെ ചോദ്യംചെയ്ത് അസാന്‍ജ് ട്വീറ്റ് ചെയ്തിരുന്നു. ബ്രിട്ടനും മറ്റ് രാജ്യങ്ങളും ഈ വിഷയത്തില്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിനെതിരേയും അദ്ദേഹം പ്രതികരിച്ചു. ഇതുകൂടാതെ മുന്‍ കാറ്റലന്‍ പ്രസിഡന്റ് കാള്‍സ് പ്യൂജിമോണ്ടിനെതിരായി യൂറോപ്യന്‍ യൂനിയന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും അദ്ദേഹം ചോദ്യംചെയ്തിരുന്നു.

RELATED STORIES

Share it
Top