ജൂലിയന്‍ അസാഞ്ചിനെ ഇക്വഡോര്‍ ബ്രിട്ടന് കൈമാറിയേക്കും

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ ഇക്വഡോര്‍ ബ്രിട്ടന് കൈമാറിയേക്കുമെന്ന് വെളിപ്പെടുത്തല്‍. റഷ്യ ടുഡേയുടെ ചീഫ് എഡിറ്റര്‍ മാര്‍ഗരിറ്റ സിമോനിയന്‍ ആണ് വിവരം പുറത്തുവിട്ടത്.
വരുന്ന ആഴ്ചകളില്‍ കൈമാറുമെന്നാണു പറയുന്നത്. കഴിഞ്ഞ ആഴ്ച ബ്രിട്ടനിലെ ഉന്നത ഉദ്യോഗസ്ഥരും ഇക്വഡോറിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ അഭയാര്‍ഥിയായ അസാഞ്ചെയെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നു പുറത്താക്കണമെന്നതായിരുന്നു പ്രധാന ആവശ്യമെന്നായിരുന്നു റിപോര്‍ട്ട്. നയതന്ത്ര ബന്ധത്തെ ഇതു സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇക്വഡോറിനു മേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുന്നതായി ജൂലിയന്‍ അസാഞ്ച് വിശ്വസിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അസാഞ്ച് ഇക്വഡോര്‍ എംബസിയില്‍ തുടരുകയാണെങ്കില്‍ ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് വായ്പ നല്‍കുന്നത് റദ്ദാക്കുമെന്ന യുഎസ് ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
ഇക്വഡോറിലെ പുതിയ പ്രസിഡന്റ് ലെനിന്‍ മൊറീഞ്ഞോ അദ്ദേഹത്തിന്റെ ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ അസാഞ്ചിനെ ഹാക്കര്‍ എന്നാണു വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് അസാഞ്ചിനെ കൈമാറിയേക്കുമെന്ന  വെളിപ്പെടുത്തല്‍.

RELATED STORIES

Share it
Top