ജൂലായ് 10ന് വിജയ് മല്യ ഹാജരാകുമെന്ന് കേന്ദ്രം ഉറപ്പുവരുത്തണം:സുപ്രീംകോടതിന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ ജൂലൈ 10ന് കോടതിയില്‍ ഹാജരാകുമെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീംകോടതി നിര്‍ദേശം. നിരന്തരമായി കോടതിയുടെ ഉത്തരവുകള്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് മല്യ ജൂലായ് 10ന് കോടതിയില്‍ ഹാജരാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റരാനാണെന്നും 10നകം ഹാജരാവണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബാങ്കുകളുടെ കണ്‍സോഷ്യം നല്‍കിയ ഹരജിയിലായിരുന്നു കോടതി വിധി.
നേരത്തെ സുപ്രീംകോടതി മല്യയോട് പൂര്‍ണമായ സ്വത്തു വിരവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശം മല്യ അനുസരിച്ചിരുന്നില്ല.  സ്വത്ത് വിവരം പൂര്‍ണമായി വെളിപ്പെടുത്തണമെന്ന കോടതി ഉത്തരവ് വിജയ് മല്യ അനുസരിച്ചില്ലെന്ന് പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് കോടതിയെ അറിയിച്ചത്. ഇതോടെയാണ് മല്യക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോയത്. അറ്റോണി ജനറല്‍ മുകുള്‍ രോഹ്തഗിയാണ് ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായത്.
പതിനേഴു ബാങ്കുകളില്‍ നിന്നു 9000 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെയാണ് 2015 മാര്‍ച്ചില്‍ വിജയ് മല്യ രാജ്യം വിട്ടത്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ് ഹൈക്കോടതികളുടെ അറസ്റ്റ് വാറന്റുകള്‍ പ്രകാരം കഴിഞ്ഞ മാസം പതിനെട്ടിന് മല്യ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം ജാമ്യത്തില്‍ പുറത്തുവന്നു.

RELATED STORIES

Share it
Top