ജൂനിയര്‍ ലോട്ടറി ഓഫീസറെ നായയെ കൊണ്ട് മാന്തിച്ചതായി പരാതി

മലപ്പുറം: മലപ്പുറം കലക്ടറേറ്റിലെ ലോട്ടറി ജൂനിയര്‍ ഓഫീസര്‍ ബെന്‍സി ജോസഫിനെ അയല്‍വാസി നായയെ കൊണ്ട് മാന്തിച്ചതായും കടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതി. ബുധനാഴ്ച രാത്രിയാണ് സംഭവം. എസ് പി ഓഫീസിനു സമീപം താമസിക്കുന്ന ബെന്‍സി ജോസഫ് രാത്രി കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഫോണ്‍ വന്നപ്പോള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി സംസാരിച്ചു. ശേഷം കാറില്‍ കയറാന്‍ വന്നപ്പോള്‍ അസമയത്ത് എന്താണ് ഇവിടെ കാര്യമെന്നും നിങ്ങളാരാണെന്നും ചോദിച്ച് വിദ്യാര്‍ത്ഥിയായ അയല്‍വാസി എത്തുകയായിരുന്നു. രണ്ട് മാസമായി ഇവിടെ താമസിക്കുന്ന ആളാണെന്ന് മറുപടി പറയുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും വളര്‍ത്തു നായയെ കൊണ്ടുവന്ന് ബെന്‍സി ജോസഫിനെ മാന്തിക്കുകയും ശരീരത്തില്‍ പിടിപ്പിക്കുകയും ചെയ്തു. കയ്യിലും കഴുത്തിലും നായ മാന്തിയതിന്റെ പാടുകളും മുറിവുകളും ശരീരത്തിലുണ്ട്. പരിക്കേറ്റ ബെന്‍സി ജോസഫ് മലപ്പുറം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍മന്ത്രിയുടെ പരേതനായ ഡ്രൈവറുടെ മകനാണ് പ്രതിയെന്ന് മലപ്പുറം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top