ജൂനിയര്‍ റെഡ് ക്രോസ് പരീക്ഷ നിര്‍ത്തിവച്ചത് വിദ്യാര്‍ഥി അവകാശ ലംഘനം

എറണാകുളം: ജൂനിയര്‍ റെഡ് ക്രോസ് പരീക്ഷ സംസ്ഥാനത്ത് നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി വിധി പുനപ്പരിശോധിക്കണമെന്നും തീരുമാനം വിദ്യാര്‍ഥികളുടെ അവകാശ ലംഘനമാണെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷബാന ഷാജി. ഇത്തരം വിധി സര്‍ക്കാരിന്റെ അനാസ്ഥമൂലമാണ് സംഭവിച്ചിട്ടുള്ളത്. അറുപതിനായിരത്തോളം 10ാം ക്ലാസുകാര്‍ ഉള്‍പ്പെടെ രണ്ടു ലക്ഷത്തിനടുത്ത് വിദ്യാര്‍ഥികള്‍ ജൂനിയര്‍ റെഡ് ക്രോസില്‍ അംഗങ്ങളാണ്. ജൂനിയര്‍ റെഡ്‌ക്രോസില്‍ പ്രവര്‍ത്തിച്ചതിന്റെ ഗുണഫലം പഠന മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത് വര്‍ഷത്തില്‍ നടത്തുന്ന ഈ പരീക്ഷയിലൂടെയാണ്.
എന്നാല്‍, ജെആര്‍സിയുടെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കേണ്ട പരീക്ഷ നിര്‍ത്തിവച്ചത് തെറ്റായ നടപടിയാണ്. ജെആര്‍സി അംഗത്വമുള്ള ഭൂരിപക്ഷം വിദ്യാര്‍ഥികളും സജീവ പ്രവര്‍ത്തകരും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമാണ്. ക്ലാസുകള്‍ പോലും ത്യജിച്ചു സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ വിദ്യാര്‍ഥികള്‍ക്ക് അംഗീകാരം എന്ന നിലയില്‍ കൂടിയാണ് പരീക്ഷയിലൂടെ ലഭിക്കുന്ന ഗ്രേസ് മാര്‍ക്കിനെ കാണേണ്ടത്.
പരീക്ഷ റദ്ദാക്കിയതിനാല്‍ അര്‍ഹതപ്പെട്ട ഗ്രേസ് മാര്‍ക്കുകള്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാവും. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങള്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ്. അടിയന്തരമായി പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം. അല്ലാത്ത പക്ഷം പരീക്ഷ ജെആര്‍സി അംഗമായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തയ്യാറാവണമെന്നും ശബാന ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top