ജൂണ്‍ 1ന് തന്നെ സ്‌കൂള്‍ തുറക്കും; ശനിയാഴ്ചയും പ്രവൃത്തിദിനമാവും

തിരുവനന്തപുരം: വെള്ളിയാഴ്ചയാണെങ്കിലും ജൂണ്‍ 1നു തന്നെ സ്‌കൂള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. മധ്യവേനലവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് മാറ്റംവരുത്തിയാണ് 1നു തന്നെ സ്‌കൂള്‍ തുറക്കുന്നത്്. ജൂണ്‍ 2 ശനിയാഴ്ച പ്രവൃത്തിദിവസമാക്കാനും തീരുമാനിച്ചു.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം ഒരു അധ്യയനവര്‍ഷം 220 പ്രവൃത്തിദിനം ഉണ്ടാവണം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രത്തിന്റെ ഫണ്ട് ലഭിക്കണമെങ്കില്‍ ഈ വ്യവസ്ഥ പാലിക്കേണ്ടതുണ്ട്.
അധ്യയനവര്‍ഷത്തിലെ ഭൂരിപക്ഷം ശനിയാഴ്ചകളും പ്രവൃത്തിദിവസമാക്കാനും സാധ്യത കൂടുതലാണ്. അടുത്ത വര്‍ഷത്തേക്കുള്ള പൊതുവിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറങ്ങിയാലേ ശനിയാഴ്ചകളിലെ പ്രവൃത്തിദിനങ്ങള്‍ അറിയാന്‍ കഴിയൂ.
മെയ് 31 തിങ്കളാഴ്ചയാണെങ്കില്‍ തൊട്ടടുത്ത ബുധനാഴ്ചയോ ബുധനാഴ്ചയാണെങ്കില്‍ അടുത്ത തിങ്കളാഴ്ചയോ ആയിരുന്നു സാധാരണ സ്‌കൂള്‍ തുറന്നിരുന്നത്. എന്നാല്‍, സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമാവില്ല. ജൂണ്‍ 4ന് സ്‌കൂള്‍ തുറക്കാനാണ് സംസ്ഥാനത്തെ മിക്ക സിബിഎസ്ഇ സ്‌കൂളുകളും തീരുമാനിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top