ജുമാ മസ്ജിദ് വളപ്പില്‍ സംഘര്‍ഷത്തിനു ശ്രമം: കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മീപ്പുഗിരി രിഫായിയ്യ ജുമാമസ്ജിദ് വളപ്പില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി അതിക്രമിച്ചു കയറി ഫഌക്‌സ് ബോര്‍ഡും കൊടിയും നശിപ്പിക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. അണങ്കൂര്‍ ജെപി കോളനിയിലെ അക്ഷയ് എന്ന മുന്ന (25), ചാല, പാറക്കട്ട, നുള്ളിപ്പാടി എന്നിവിടങ്ങളിലെ താമസക്കാരായ പ്രായപൂര്‍ത്തിയാവാത്ത മൂന്നുപേര്‍ എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ കാസര്‍കോട് എസ്‌ഐ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മന പ്പൂര്‍വം സാമുദായിക കലാപമുണ്ടാക്കാനുള്ള ശ്രമം, ആരാധനാലയങ്ങള്‍ മനപ്പൂര്‍വം ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണു സംഭവം. നാലംഗസംഘം സംഘം പള്ളി കോംപൗണ്ടിലെ ഫഌക്‌സ് ബോര്‍ഡ്, കൊടി എന്നിവ നശിപ്പിക്കുന്ന ദൃശ്യം പള്ളിയില്‍ സ്ഥാപിച്ച സിസിടിവി കാമറകളില്‍ പതിഞ്ഞിരുന്നു. പുലര്‍ച്ചെ പ്രാര്‍ഥനയ്‌ക്കെത്തിയവരാണു സംഭവം അറിയുന്നത്. തുടര്‍ന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ കാസര്‍കോട് പോലിസില്‍ പരാതി നല്‍കി.
ഏതാനും വര്‍ഷം മുമ്പ് നഗരത്തിലെ വസ്ത്രക്കട ജീവനക്കാരനായിരുന്ന സാബിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അക്ഷയ്.

RELATED STORIES

Share it
Top