ജുഡീഷ്യല്‍ അന്വേഷണം വേണം: ചെന്നിത്തല

പത്തനംതിട്ട: വെള്ളപ്പൊക്കം മഹാപ്രളയമാക്കിയതിന്റെ ഉത്തരവാദി സര്‍ക്കാരെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവിച്ചത് ഡാം ദുരന്തമാണ്. സര്‍ക്കാരിന്റെ അവധാനത കുറവും ഡാം മാനേജ്‌മെന്റിലെ അപാകതയും പ്രളയത്തിന് കാരണമായി. വൈദ്യുതി ബോര്‍ഡ് ലാഭക്കൊതിയോടെ പ്രവര്‍ത്തിച്ചു. നിജസ്ഥിതി അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടുപിടിക്കുന്നതില്‍ സര്‍ക്കാരിന് വേവലാതി വേണ്ടെന്നും പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ്സില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
2,400 അടിയില്‍ എത്തിയപ്പോളാണ് ഇടുക്കി ഡാം തുറക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഷോളയാറില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് അനുവദിക്കരുതായിരുന്നു. പമ്പാനദിയിലെ 9 ഡാമുകള്‍ ഒറ്റയടിക്ക് തുറന്നു. ഡാമുകള്‍ തുറക്കുന്നതിന് സംഭരണശേഷി പരമാവധി എത്തുന്നതുവരെ കാത്തത് എന്തിനെന്ന് വ്യക്തമാവുന്നില്ല. അച്ചന്‍കോവിലാറ്റില്‍ വെള്ളം ഉയരുന്നതിന് പമ്പ നദിയിലെ ജലനിരപ്പ് കാരണമായി. ചെറുതോണിയില്‍ ഒഴികെ ഒരിടത്തും ജാഗ്രതാനിര്‍ദേശം നല്‍കിയില്ല. പമ്പാനദിയിലെ ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിഞ്ഞിരുന്നോ?.
മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിന് ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ദുരിതബാധിതരെ സഹായിക്കാന്‍ നിര്‍ബന്ധിത പിരിവ് ഒഴിവാക്കണം. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കരുത്.
കെ പി ശശി എംഎല്‍എക്കെതിരായ ആരോപണത്തില്‍ വനിതാ കമ്മീഷന്റെ നിലപാട് ഖേദകരമാണ്. പരാതി കൈയില്‍ വയ്ക്കുന്ന സമീപനം ശരിയല്ല. പരാതി പോലിസിന് കൈമാറണമെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top